കാഞ്ഞാര്‍: തൊടുപുഴ പുളളിക്കാനം റോഡില്‍ പുത്തേടിനു സമീപം വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ടെബോ ട്രാവലര്‍ നിയന്ത്രണം വിട്ട് പാറയില്‍ ഇടിച്ച് ഒന്നര വയസുള്ള കുട്ടി ഉള്‍പ്പടെ 15 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ചിലരുടെ പരിക്ക് സാരമുള്ളതായതിനാല്‍ അവരെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാഹന ഡ്രൈവര്‍ പാലക്കാട് ചിറ്റൂര്‍ നര്‍മ്മിക്കളം രവി (55), ചിറ്റൂര്‍ ആശാലം ചെല്ലപ്പന്‍ (65), ഭാര്യ തങ്കമ്മ, ആസാദ് (16), അവിനേഷ് ബാബു (29), ബിനേഷ് കുമാര്‍ (45), അബ്ദുള്‍ റഹ്മാന്‍ (27), ബസന്ത് (21) എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റിരിക്കുന്നത്. അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തിയ കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയസ് ജോര്‍ജ്, എസ്‌ഐ മാരായ സുധാകരന്‍, ജയകുമാര്‍ എഎസ്‌ഐ ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് പോലീസ് വണ്ടിയിലും, മൂലമറ്റം ഫയര്‍ ഫോഴ്‌സിന്റെ അംബുലന്‍സിലുമായി അടുത്തുളള പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
















