കണ്ണൂര്‍: ഈ വര്‍ഷത്തെ കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ആവേശോജ്ജ്വലമായ തുടക്കം. കൗമാര പോരാട്ടങ്ങളുടെ കരുത്ത് തെളിയിക്കുന്ന പോരാട്ടത്തിന് ഇന്നലെ രാവിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ഇന്നലെ പകല്‍ 11.30 ഓടെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ദീപക്, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍, കെ.കെ.ശോഭ, ഡോ.ശശീന്ദ്രന്‍, കെ.എം.കൃഷ്ണദാസ്, പി.കെ.അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥഭികള്‍ അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച്പാസ്‌റ്റോടെയായിരുന്നു ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ആദ്യദിനത്തില്‍ 32 ഇനങ്ങളിലായി മത്സരം അവസാനിച്ചപ്പോള്‍ 32 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കോഴിച്ചാല്‍ ജിഎച്ച്എസ്എസ് ഒന്നാമതാണ്. 14 പോയിന്റുമായി എളയാവൂര്‍ സിഎച്ച്എം എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്. ഉപജില്ലാ തലത്തില്‍ അഞ്ചു സ്വര്‍ണ്ണവും 10 വെള്ളിയും ഏഴു വെങ്കലവുമായി 80 പോയിന്റോടെ പയ്യന്നൂര്‍ ഉപജില്ല യാണ് മുന്‍പില്‍. അഞ്ച് സ്വര്‍ണ്ണവും 4 വെള്ളിയും 2 വെങ്ങലവുമായി 47 പോയിന്റോടെ ഇരിട്ടി ഉപജില്ല രണ്ടാമതും 41 പോയിന്റുമായി തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഒരു വെങ്കലവും ഒരു പോയിന്റും മാത്രം നേടി തലശ്ശേരി സൗത്ത് ആണ് പോയിന്റുനിലില്‍ ഏറ്റവും പിന്നില്‍.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
പാനൂര്‍: തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഈസ്റ്റ് വളള്യായില്‍ നടന്ന സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. ഈസ്റ്റ് വളള്യായി ബ്രാഞ്ച് സെക്രട്ടറി പുത്തന്‍കണ്ടി രാജീവന്‍(46), പൊയില്‍ മനോജ്(44), കുട്ടാമ്പളളി ഷിജിന്‍(27), ഏലത്ത് ധനീഷ്(26), ചെട്ട്യാന്‍വീട്ടില്‍ പ്രകാശന്‍(43) എന്നിവരെയാണ് പാനൂര്‍ സിഐ എ.അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. തലശേരി എസിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.
















