മറയൂര്‍: മറയൂര്‍ കരമുട്ടി ആറ്റില്‍ ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരിയെ രക്ഷിച്ചു. ചെന്നൈ സ്വദേശി ശ്രീകൃഷ്ണന്‍(30) നെയാണ് നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് രക്ഷിച്ചത്. ഇന്നലെ ഉച്ചക്ക് 1.30 ഓടെ കടവില്‍ കുളിക്കാന്‍ ഇറങ്ങവെ മലവെള്ള പാച്ചില്‍ എത്തിയതാണ് ശ്രീകൃഷ്ണന്‍ ഒഴുക്കില്‍പ്പെടാന്‍ കാരണമായത്. ദിവസങ്ങളായി ഈ പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതേതുടര്‍ന്ന് ഉരുള്‍പൊട്ടിയതാണ് പെട്ടന്ന് വെള്ളമെത്താന്‍ കാരണമായതെന്നാണ് അറിവ്. ബന്ധുക്കള്‍ക്കൊപ്പം കടവില്‍ ഇറങ്ങിയ ഇയാള്‍ ഒഴുക്കില്‍പെടുകയായിരുന്നു. കരയ്‌ക്കെത്തിച്ച ശ്രീകൃഷ്ണന്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം യാത്ര തുടര്‍ന്നു. ദിവസങ്ങളായി തുടരുന്ന മഴയില്‍ വ്യാപക കൃഷിനാശമാണ് മറയൂര്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.
















