പത്തനാപുരം: കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന്റെ പ്രതികാരമായി വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം തീയിട്ടു നശിപ്പിച്ചു. പുന്നല അമ്മൂമ്മ കൊട്ടാരത്തിന് സമീപം താമസിക്കുന്ന അക്ഷയ് വിലാസില്‍ അനില്‍ കുമാറിന്റെ ഇരുചക്ര വാഹനമാണ് തീയിട്ടു നശിപ്പിച്ചത്.
അക്രമം നടത്തിയ ശേഷം ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പുനലൂര്‍ നെല്ലിപ്പളളി സ്വദേശി ബാബുരാജ്, പത്തനാപുരം ഇടത്തറ സ്വദേശി മുഹമ്മദ് സാലി എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനോടെ അനിലിന്റെ വസതിയിലെത്തിയ സംഘം വാഹനം കത്തിച്ചശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്.
ഇരുചക്രവാഹനം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. കഞ്ചാവ് വില്‍പന നടത്തുന്നതിനായി വനാതിര്‍ത്തിയോട് ചേര്‍ന്ന് സംഘം കോഴിഫാമും നടത്തിവരുന്നതായും ആക്ഷേപമിണ്ട്. സംഭവസ്ഥലത്ത് നിന്നും പ്രതികളുടെ ഫോണും ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട്. പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















