കണ്ണൂര്‍: ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്കുളള രണ്ടാം ഘട്ട റോഡ് സുരക്ഷ പരിശീലനം ആരംഭിച്ചു. കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ ധനസഹായത്തോടെ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 100 സ്‌കൂള്‍ അധ്യാപകര്‍ക്കുളള രണ്ട് ദിവസത്തെ പരിശീലനം പൊലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ മറ്റാരെക്കാളും സാധിക്കുക അധ്യാപകര്‍ക്കാണെന്നും ട്രാഫിക് നിയമങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നാറ്റ്പാക് കണ്‍സള്‍ട്ടന്റ് ഡോ.ടി.വി.സതീഷ് അധ്യക്ഷനായി. കണ്ണൂര്‍ ആര്‍ടി ഒ പിജെ പോള്‍സണ്‍, ഡിവൈഎസ്പി കെ.സി.ലോറന്‍സ് എന്നിവര്‍ സംസാരിച്ചു. നാറ്റ്പാക് കണ്‍സള്‍ട്ടന്റ് ഡോ.ടി.വി.ശശികുമാര്‍ സ്വാഗതവും സയന്റിസ്റ്റ് ബി.സുബിന്‍ നന്ദിയും പറഞ്ഞു.
റോഡ് സുരക്ഷയില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ നാട്പാകിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് സ്‌കൂളുകളില്‍ റോഡ് സുരക്ഷാ സെല്ലുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ കുട്ടികളെ സുരക്ഷിതമായി റോഡ് ഉപയോഗിക്കുവാന്‍ പ്രാപ്തരാക്കുകയാണ് റോഡ് സുരക്ഷാവിദ്യാഭ്യാസം വിദ്യാലയങ്ങളിലൂടെ എന്ന പദ്ധതിയുടെ മുഖ്യലക്ഷ്യം.
















