കുറ്റിയാടി: സത്യസന്ധതക്ക് പുതിയ മാനങ്ങള്‍ നല്‍കി കുറ്റിയാടിയിലെ മൊബൈല്‍ ടെക്‌നീഷ്യന്മാരായ നഈം അലിയും സുഹൃത്ത് രജില്‍ വാണിമേലും. ദുബായില്‍ ജോലി ചെയ്യുന്ന സുഡാനി യുവതിയുടെ കളവ്‌പോയ ഐഫോണ്‍ കുറ്റിയാടിയില്‍ നിന്നും ദുബായിലേക്ക് തിരിച്ചയച്ചുകൊടുത്തുകൊണ്ടാണ് സത്യത്തിന്റെ നാടിന് ഇവര്‍ തൂവല്‍ ചാര്‍ത്തുന്നത്. ദുബായില്‍ നിന്നും കളവ്‌പോയ 40,000 രൂപ വിലയുള്ള ഐഫോണ്‍ നെറ്റ് വര്‍ക്ക് ലോക്ക് തുറക്കാനായി കുറ്റിയാടിയിലെ മൊബൈല്‍ ഷോപ്പായ മൊബൈല്‍ കെയറില്‍ എത്തിയതായിരുന്നു.
ആപ്പിള്‍ കമ്പനിയുടെ ആന്റി തെഫ്റ്റ് സംവിധാനമായ ഫൈന്റ് മൈ ഐ ഫോണ്‍ സംവിധാനത്തിലൂടെ ടെക്‌നീഷ്യന്‍ നഈം അലിയും സുഹൃത്ത് രജില്‍ വാണിമേലും ഐഫോണിന്റെ യഥാര്‍ത്ഥ ഉടമയെ വാട്‌സപ്പിലൂടെ ബന്ധപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ ഉടമയായ സുഡാനി യുവതി മവാഹിബ് സലാഹ് അലിഹാമിര്‍ വാട്‌സ പ്പിലൂടെ ഫോണിന്റെ വാറന്റി കാര്‍ഡും മറ്റു തെളിവുകളും ഇവര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. രേഖകളെല്ലാം തന്നെ കൃത്യമാണെന്ന് തെളിഞ്ഞതോടെ ദുബായിലേക്ക് പോകുന്ന നഈം അലിയുടെ ബന്ധു റഫീഖിന്റെ കൈയില്‍ കൊടുത്തുവിട്ട ഫോണ്‍ ഇവരുടെ പക്കല്‍ നിന്നും മവാഹിബ് ഏറ്റുവാങ്ങുകയായിരുന്നു.
ദുബായിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളും സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്റെ സഹോദരിയുമാണ് മവാഹിബ്.
















