ചെറുതോണി: യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് ബാലികയ്‌ക്ക് പരിക്കേറ്റു. നാരകക്കാനം ഇലവുങ്കല്‍ ജോബിയുടെ മകള്‍ ബോജിന(8) നാണ് പരിക്കേറ്റത്. കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിനുശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റി. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചെറുതോണി ഗാന്ധിനഗര്‍ സ്വദേശികളായ പുത്തന്‍പുര്ക്കല്‍ സനോജ് (23), കുതിരക്കാവില്‍ ജിഷാദ് (20) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സംഭവം. ചെറുതോണി ടാണില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെയാണ് ബൈക്കിടിച്ചത്. ബസ്സിനെ മറി കടന്നു വന്ന കുട്ടിയെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന് സാക്ഷികളായ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാമാര്‍ യുവാക്കളെ പിടിച്ചെഴുന്നേല്‍പിച്ചു. ഇതിനിടെ തങ്ങളെ കൈയ്യേറ്റം ചെയ്യുകയും, മര്‍ദ്ദിക്കുകയും ചെയ്തു എന്നാരോപിച്ച് യുവാക്കള്‍ ഇടുക്കി പോലീസില്‍ പരാതി നല്‍കി.
















