കിടങ്ങൂര്‍: രാജ്യത്തിന്റെ ഭദ്രത കുട്ടികളുടെ കൈകളിലാണെന്നും കുട്ടികള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടദിനമാണ് ശിശുദിനമെന്ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തംഗവും ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമായ ശാന്തി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഉത്തമേശ്വരം വാര്‍ഡ് 185ാം നമ്പര്‍ ഗോവിന്ദപുരം അങ്കണവാടിയില്‍ ശിശുദിനാഘോഷത്തോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്്തശേഷം നടത്തിയ ആദ്യപരിപാടി കുട്ടികളോടൊപ്പമായതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തി. അങ്കണവാടി ടീച്ചര്‍ ദീപ ബി. സ്വാഗതവും തങ്കമ്മ മാത്യു നന്ദിയും രേഖപ്പെടുത്തി. ഇക്കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളായ ബാലവേല, പീഡനം, പട്ടിണി, രോഗങ്ങള്‍, പോഷകാഹാരക്കുറവ്, സുരക്ഷിതത്വമില്ലായ്‌മ, വിദ്യാഭ്യാസ അപര്യാപ്തത തുടങ്ങിയവയ്‌ക്ക് ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വിതരണത്തിനും ഉപഭോഗത്തിനും കുട്ടികളെ ഉപയോഗിക്കുന്നതും തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് പരിപാടിക്കുശേഷം ജന്മഭൂമിയോട് പഞ്ചായത്തംഗം പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ ശിശുദിനറാലി നടത്തി. കുട്ടികളും രക്ഷകര്‍ത്താക്കളും പങ്കെടുത്തു.
















