കണ്ണൂര്‍: പെനന്‍ വിഷ്വല്‍ ക്രാഫ്റ്റിന്റെ ബാനറില്‍ അമ്പിളി തോമസും പി.കെ.ബിജുവും ചേര്‍ന്ന് നിര്‍മ്മിച്ച് തോമസ് ദേവസ്യ സംവിധാനം ചെയ്യുന്ന മലേറ്റം നവംബര്‍ 14 മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി അണിയറ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യന്‍ നെറ്റ് പാക്ക് മത്സര വിഭാഗത്തിലാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാള സിനിമയാണിത്. പശ്ചിമഘട്ട ജൈവപ്രകൃതിയും കുന്നും മലകളും ജൈവ സമ്പത്തും വരും തലമുറക്ക് അവകാശപ്പെട്ട പൈതൃക സ്വത്താണെന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. ഇടുക്കി, വയനാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കൊയിലാണ്ടി സ്വദേശിയായ അനുരാഗാണ് കേന്ദ്ര കഥാപാത്രമായ കൊലുമ്പനെ അവതരിപ്പിക്കുന്നത്. എം.ആര്‍.ഗോപകുമാര്‍, വത്സല മേനോന്‍, സുര്‍ജിത്ത് ഗോപിനാഥന്‍, വിശ്വനാഥന്‍ തുടങ്ങിയ ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം എഴുപതിലധികം കുട്ടികളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അമ്പിളി തോമസ്, പി.കെ.ബിജു, തോമസ് ദേവസ്യ, ജലീല്‍ ബാദുഷ, ശരണ്യ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















