മറയൂര്‍: വുഡ്ബ്രിയാര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരം പരിഹരിക്കാനായിട്ടില്ല. കഴിഞ്ഞ ഒക്‌ടോബര്‍ 22 നാണ് ബോണസ് 20 ശതമാനമായി ഉയര്‍ത്തുക എന്ന ആവശ്യമുന്നയിച്ച് സമരമാരംഭിച്ചത്. തലയാര്‍ എസ്റ്റേറ്റിലുള്ള 5 ഡിവിഷനുകളിലെ തൊഴിലാളികളും സമരത്തിലാണ്. തേയില കൊളുന്തെടുക്കാതെ വന്നതോടെ ഫാക്ടറിയും ഓഫീസുമെല്ലാം പ്രവര്‍ത്തനരഹിതമായി. സമരം മൂന്നാഴ്ച പിന്നിട്ടതോടെ തൊഴിലാളികള്‍ ശമ്പളമില്ലാതെ ദുരിതത്തിലാണ്. ദീപാവലിയ്‌ക്ക് ആഘോഷങ്ങളില്ലാതെയാണ് തൊഴിലാളികള്‍ കഴിച്ചുകൂട്ടിയത്. ഐക്യ ട്രേഡ് യൂണിയനുകളും തൊഴിലാളി സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. മൂന്നാര്‍ സമരത്തിനോടനുബന്ധിച്ച് സമരമാരംഭിച്ച തൊഴിലാളികള്‍ മൂന്നാര്‍ ഉടമലപേട്ട റോഡ് ഉപരോധമടക്കമുള്ള സമരമുറകളിലേക്ക് നീങ്ങിയിരുന്നു. മൂന്നാര്‍ സമരം അവസാനിച്ച് തൊഴിലാളികള്‍ തോട്ടങ്ങളില്‍ പണിക്കിറങ്ങിയെങ്കിലും ബോണസ് വര്‍ധനയിന്മേല്‍ തീരുമാനമാകത്തതോടെ വീണ്ടും സമരത്തിലേക്കിറങ്ങുകയായിരുന്നു. ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച കള്‍ നടന്നെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു.
















