കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുളള നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് റോഡിനായി ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ഗ്രീന്‍ഫീല്‍ഡ് റോഡ് വിരുദ്ധ കര്‍മ്മസമിതി യോഗം മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഗ്രീന്‍ഫീല്‍ഡ് റോഡ് സ്ഥലമെടുപ്പുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഡോ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. വിമാനത്താവളത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്ന നിലവിലുളള മേലേചൊവ്വ-മട്ടന്നൂര്‍, താഴെചൊവ്വ-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ എന്നീ റോഡുകള്‍ക്ക് മധ്യത്തിലൂടെ ആയിരങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ട് പുതിയ റോഡ് നിര്‍മ്മിക്കുന്നതിന്റെ ആവശ്യകതയെന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താതെ എത്ര ആകര്‍ഷകമായ പാക്കേജ് പ്രഖ്യാപിച്ചാലും റോഡിന് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാകേണ്ടെന്നും യോഗം തീരുമാനിച്ചു. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്ന താഴെചൊവ്വ-അഞ്ചരക്കണ്ടി റോഡും പ്രധാന പാതയായി നിശ്ചയിച്ചിരുന്ന മേലേചൊവ്വ-മട്ടന്നൂര്‍ റോഡും വിപുലീകരിക്കുന്നതായി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതല്ലാതെ ഇതിനായുളള പ്രാരംഭ നടപടികള്‍ പോലും ആരംഭിക്കാത്തതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
















