ചെറുതോണി: ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സമീപവാസികളും അനുകൂലിച്ച് കച്ചവടക്കാരും രംഗത്തെത്തിയതോടെ ഇടുക്കിയില്‍ സംഘര്‍ഷം. രണ്ട് മാസത്തോളമായി ഡ്രൈവിംഗ് ടെസ്റ്റിനെ സംബന്ധിച്ച് മേഖലയില്‍ ചേരി തിരിഞ്ഞ് വാഗ്വാദങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ തടിയംമ്പാട് ചപ്പാത്തിന് സമീപത്തേയ്‌ക്ക് മാറ്റിയിരുന്നു. ഇത് വീണ്ടും തിരികെ ഇടുക്കി ഗ്രൗണ്ടിലേയ്‌ക്ക് എത്തിയതോടെയാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. എന്നാല്‍ ഇവിടെ ടെസ്റ്റ് നടക്കുന്നത് മൂലം കച്ചവടസ്ഥാപനങ്ങള്‍ക്ക് ഗുണമാണെന്നു കാണിച്ച് കച്ചവടക്കാരും എത്തി. സ്ഥലത്തെ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ ഓടി ചെളിയാകുന്നത് ഗ്രൗണ്ടിനെ നശിപ്പിക്കുവാന്‍ ഇടയാക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. ഇതോടെ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍ വരെയെത്തി കാര്യങ്ങള്‍. ഇടുക്കി എസ് ഐ ഷൈന്‍ എസിന്റെ നേതൃത്വത്തില്‍ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
















