ഇരിട്ടി: തിരഞ്ഞെടുപ്പില്‍ തോറ്റതില്‍ പ്രതിഷേധിച്ച് ഉളിക്കല്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ഉളിക്കല്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പില്‍ ഉളിക്കല്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മത്സരിച്ച കണത്ത്കുഴിയില്‍ ജോയി ഉളിക്കല്‍ വയത്തൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ വാതിലുകള്‍ അടിച്ചു പൊളിച്ച് ഡീസല്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഇയാള്‍ മത്സരിച്ച വാര്‍ഡില്‍ എതിര്‍സ്ഥാനാര്‍ഥി ആയിരുന്ന എല്‍ഡിഎഫിലെ അഡ്വ. ദിലീപ് ആയിരുന്നു വിജയിച്ചത്. തന്റെ കൂടെ നിന്ന കോണ്‍ഗ്രസ്സുകാര്‍ കാലുവാരിയത് കൊണ്ടാണ് താന്‍ പരാജയപ്പെടാന്‍ കാരണമായത് എന്ന് പറഞ്ഞാണ് ഇയാള്‍ ഓഫീസ് അടിച്ചുപൊളിച്ച് തീയിട്ടത്.
സംഭവത്തില്‍ ഓഫീസിലെ മേശയടക്കമുള്ള ഫര്‍ണിച്ചറുകള്‍ കത്തി നശിച്ചിരുന്നു. ഇതിലാണ് ഉളിക്കല്‍ പോലീസ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ കേസ്സെടുത്തു അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
















