കൊച്ചി: ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ആ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേകം പ്രത്യേകം കൗണ്ടിംഗ് ഹാളുകളും/മുറികളും സജ്ജീകരിക്കും. ഓരോ ഗ്രാമപഞ്ചായത്തിന്റെയും കൗണ്ടിംഗ് ഹാളില്‍, വരണാധികാരിക്കുള്ള വേദിയും, ടാബുലേഷന്‍, പാക്കിംഗ്, വോട്ടെണ്ണല്‍ എന്നിവയ്‌ക്ക് പ്രത്യേകം മേശകളും സജ്ജീകരിക്കും. പരാമാവധി എട്ടു പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിംഗ് ടേബിള്‍ എന്ന രീതിയിലാവും കൗണ്ടിംഗ് ടേബിളുകള്‍ തയാറാക്കുക. ഇത്തരത്തില്‍ ആകെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കും. ഒരു ഗ്രാമപഞ്ചായത്തിന്റെ കൗണ്ടിംഗ് ഹാളില്‍ എത്ര വോട്ടെണ്ണല്‍ മേശകള്‍ സജ്ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാര്‍ഡുകളിലെ കണ്‍ട്രോള്‍ യൂണിറ്റുകളാകും ആദ്യം സ്‌ട്രോങ്ങ് റൂമില്‍ നിന്നും ഏറ്റുവാങ്ങി വോട്ടെണ്ണല്‍ നടത്തുക.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി, വിവിധ ഗ്രാമപഞ്ചായത്ത് കൗണ്ടിംഗ് മേശകളില്‍ നിന്നും ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ബ്ലോക്ക് വാര്‍ഡിലെയും വോട്ടുകള്‍ ക്രമീകരിച്ച് ആ ബ്ലോക്ക് വാര്‍ഡുകളുടെ ഫലപ്രഖ്യാപനം നടത്തും. വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് സുരക്ഷിത സൂക്ഷിപ്പില്‍ വയ്‌ക്കേണ്ട രേഖകളും ഡിറ്റാച്ചബിള്‍ മെമ്മറി മോഡ്യൂളും ബന്ധപ്പെട്ട ട്രഷറികളില്‍ സൂക്ഷിക്കണം. എന്നാല്‍, നഗരസഭകളെ സംബന്ധിച്ച് ഡി.എം.എം. ഇല്ലാത്തതിനാല്‍ മറ്റു രേഖകളോടൊപ്പം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ കൂടി ട്രഷറികളില്‍ സൂക്ഷിക്കും.
















