ന്യൂഡൽഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികം ഇന്ന് ലോകമെമ്പാടും ആഘോഷിക്കുന്നു. അഹിംസയെ ആയുധമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി, അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെയും പ്രതിരോധത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്.
മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് അന്താരാഷ്‌ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. ലണ്ടനിലെ നിയമപഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായിരിക്കെയാണ് ഗാന്ധിജി വംശീയ വിവേചനത്തിനെതിരെയുള്ള ആദ്യ പോരാട്ടങ്ങൾക്ക് തുടക്കമിട്ടത്. ഗാന്ധിജി, വിഭജനത്തിന്റെ മുറിവുകളുണക്കാൻ ശാന്തിദൂതുമായി രാജ്യത്തുടനീളം സഞ്ചരിക്കുകയും ചെയ്തു.
















