ന്യൂദല്‍ഹി: ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോക നായകന് ഛോട്ടാ രാജനെ ദല്‍ഹിയില്‍ എത്തിച്ചു. ബാലിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ 5.30നാണ് ദല്‍ഹി പാലം വമാനത്താവളത്തില്‍ ഛോട്ടാ രാജനെ എത്തിച്ചത്. അവിടെ നിന്ന് ദല്‍ഹി പോലീസിന്റെ കനത്ത സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
രാജനെ ഭാരതത്തില്‍ എത്തിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലും മുംബൈയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജനെ മുംബൈയിലേക്കു കൊണ്ടുപോയാല്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദല്‍ഹിയിലെ ജയിലിലേക്ക് മാറ്റാനാണ് സാധ്യത. അമ്പതംഗ കമാന്‍ഡോ സംഘവും രാജന്റെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
സിബിഐയും മുംബൈ പോലീസും ഛോട്ടാ രാജനൊപ്പമുണ്ടായിരുന്നു. രാജനെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ മാധ്യമ സംഘം വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. എന്നാല്‍ രാജന്റെ ചിത്രമെടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാരെ അധികൃതര്‍ അനുവദിച്ചില്ല.
ബാലി ഡെന്‍പസാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ കനത്ത സുരക്ഷയിലാണ് വിമാനാത്താവളത്തിലെത്തിച്ചത്. വാഹനത്തെ ക്വിക്ക് റെസ്പോണ്‍സ് സംഘം അനുഗമിച്ചു. റിന്‍ജാനി അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ബാലിയില്‍ കാലാവസ്ഥ മോശമായതിനാല്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇതാണ് രാജന്റെ മടങ്ങിവരവ് വൈകിപ്പിച്ചത്.
ആസ്ട്രേലിയയില്‍ നിന്ന് ബാലി വിമാനത്താവളത്തില്‍ എത്തിയ രാജനെ കഴിഞ്ഞ മാസം 25നാണ് അറസ്റ്റ് ചെയ്തത്. മുംബയ്, ദല്‍ഹി എന്നിവിടങ്ങളില്‍ രാജനെതിരെ കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27വര്‍ഷംമുമ്പാണ് രാജന് ഭാരതത്തില്‍ നിന്നു മുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: