രാജമുന്ദ്രി: ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ പാസ്റ്ററുടെ മകനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ലക്ഷ്മിപുരം ഗ്രാമത്തിലെ യെടപക രാമപചോദവരത്തിലെ കണ്ണയ്യയുടെ മകന്‍ ഐസക്കിനെയാണ് (20) ശനിയാഴ്ച രാത്രി മുപ്പതംഗ സംഘം തട്ടിക്കൊണ്ടുപോയത്.
കണ്ണയ്യയെ അന്വേഷിച്ചെത്തിയ അക്രമികള്‍ മകനെ കൊണ്ടുപോകുകയായിരുന്നു. ഈ സമയം കണ്ണയ്യ വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍ തിരിച്ചെത്തിയ കണ്ണയ്യ യെടപക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
അന്വേഷണം പുരോഗമിക്കുന്നുവെന്നും ഇതുവരെ മാവോയിസ്റ്റുകളില്‍നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്നും കിഴക്കന്‍ ഗോദാവരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഫക്കീരപ്പ പറഞ്ഞു. മോചനത്തിനായി പ്രാദേശിക രാഷ്‌ട്രീയ നേതാക്കള്‍ ശ്രമം തുടങ്ങി. ഛത്തീസ്ഗഢില്‍നിന്ന് പത്ത് വര്‍ഷം മുന്‍പാണ് പാസ്റ്റര്‍ ആന്ധ്രയിലേക്ക് കുടിയേറിയത്.
















