നഗരത്തില്‍ ധന്വന്തരിപടിക്ക് സമീപം നടപ്പാതയില്‍ അപകടകരമായി നിന്ന ഇരുമ്പുകമ്പികള്‍ മുറിച്ച് മാറ്റി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

തൊടുപുഴ: അവസാനം കെഎസ്ഇബി അധികൃതര്‍ കണ്ണ് തുറന്നു. തൊടുപുഴ നഗരത്തില്‍ ധന്വന്തരിപ്പടിക്ക് സമീപം നടപ്പാതയില്‍ നിന്ന വൈദ്യുതി പോസ്റ്റിന്റെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ഇവിടെ ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടില്‍ തട്ടി വീണ് കാഞ്ഞിരപ്പള്ളി സ്വദേശി തോമസ് ജോസഫിന് പരിക്കേറ്റിരുന്നു. ബസ് സ്റ്റാന്റിന് സമീപത്തേക്ക് നടന്നുപോകുകയായിരുന്ന തോമസിന്റെ കാല്‍ മുറിച്ച് മാറ്റി പോസ്റ്റിന്റെ ചുവട് ഭാഗത്ത് കുരുങ്ങുകയായിരുന്നു. തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടിലേയ്‌ക്ക് മടങ്ങി. ഇന്നലെ ഉച്ചയോടെ ആണ് കെഎസ്ഇബി അധികൃതര്‍ എത്തി ഇരുമ്പുകമ്പികള്‍ മുറിച്ച് മാറ്റിയത്. ടൈല്‍ പാകി മനോഹരമാക്കിയെങ്കിലും ഇവിടെ അവശേഷിച്ചിരുന്ന പോസ്റ്റിന്റെ ചുവട്ടിലെ ഇരുമ്പുകമ്പികള്‍ മുറിച്ച് മാറ്റിയിരുന്നില്ല. അടുത്തടുത്ത് മൂന്നിടങ്ങളില്‍ നിന്നിരുന്ന ഇരുമ്പുകമ്പികള്‍ ഏറെ നേരം പണിപ്പെട്ടാണ് അധികൃതര്‍ മുറിച്ച് മാറ്റിയത്. അപകടം മുന്നില്‍ കണ്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
















