ന്യൂദല്‍ഹി: ആശയപരമായ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇരയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആസൂത്രിതമായ പ്രചാരവേലയിലൂടെ ഇന്ത്യയെ അസഹിഷ്ണുത പുലരുന്ന രാജ്യമായി ഉയര്‍ത്തിക്കാട്ടാനാണ് ഇടത് ചിന്തകരും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. രാജ്യത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങള്‍ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയാണ് അധികാരത്തിലിരിക്കുന്നതെന്ന് ബൗദ്ധികമായി അംഗീകരിക്കാന്‍ പലര്‍ക്കും ഇന്നും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും ഇടത് ചിന്തകരും ആക്ടിവിസ്റ്റുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ദശാബ്ദങ്ങളായി ബിജെപിക്കെതിരേ ആശയപരമായ അസഹിഷ്ണുത സൃഷ്ടിക്കാന്‍ മാത്രം ശീലിച്ചവരാണ് ഇവര്‍. 2002 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആശയ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇരയാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
രണ്ട് രീതിയിലാണ് ഇക്കൂട്ടര്‍ അജന്‍ഡ നടപ്പാക്കന്നത്. രാജ്യത്തെ നല്ല മാറ്റങ്ങള്‍ വഴിമുടക്കാന്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുകയാണ് ഒന്ന്. നരേന്ദ്രമോദി സര്‍ക്കാരിന് ഈ പരിഷ്‌കാരങ്ങളുടെ നേട്ടം ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത്. ആസൂത്രിതമായ പ്രചാരവേലയിലൂടെ രാജ്യത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ അസ്വസ്ഥത ഉണ്ടാക്കുകയാണ് മറ്റൊന്ന്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ സര്‍വ്വകലാശാലകള്‍ക്കോ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കോ വളരാനുളള ബദല്‍ വീക്ഷണം മുന്നോട്ടുവെയ്‌ക്കാന്‍ പോലും ഇവര്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. സമാന്തരമായ ആശയങ്ങള്‍ പോലും അംഗീകരിക്കാത്ത തലത്തിലേക്ക് ഇക്കൂട്ടരുടെ അസഹിഷ്ണുത വളര്‍ന്നുകഴിഞ്ഞതായും ജെയ്്റ്റ്‌ലി ചൂണ്ടിക്കാട്ടി.
ദാദ്രിയില്‍ ഒരാളെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത് ഒറ്റപ്പെട്ട സംഭവമാണ്. ദൗര്‍ഭാഗ്യകരവും അപലപനീയവുമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ വഴിതെറ്റിപ്പോകാതെ അങ്ങേയറ്റം സഹിഷ്ണുതയും പുരോഗമനസമൂഹവുമായി ഇന്ത്യ നിലനില്‍ക്കുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ക്ഷേമം ആഗ്രഹിക്കുന്നവര്‍ ഇത്തരം പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണം. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനുളള പരിശ്രമത്തിലാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
















