ന്യൂദല്‍ഹി: വെയ്റ്റിങ് ലിസ്റ്റിലുള്ള ട്രെയിന്‍യാത്രക്കാര്‍ക്ക് അതേ റൂട്ടിലോടുന്ന അടുത്ത ട്രെയിനില്‍ ബെര്‍ത്ത് ഉറപ്പാക്കുന്ന റെയില്‍വേയുടെ ‘വികല്‍പ്’ (ആര്‍ട്ടര്‍നേറ്റഡ് ട്രെയിന്‍ അക്കമഡേഷന്‍ സ്?കീം) പദ്ധതിക്ക് തുടക്കമായി. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്കാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദല്‍ഹി–ലഖ്‌നോ, ഡല്‍ഹി–ജമ്മു റൂട്ടിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക് ചെയ്യുമ്പോള്‍ ബെര്‍ത്ത് ലഭിക്കാനിടയില്ലെങ്കില്‍ അതേ റൂട്ടിലോടുന്ന മറ്റേതെങ്കിലും ട്രെയിന്‍ ഓപ്ഷനലായി നല്‍കണം. എങ്കില്‍ ടിക്കറ്റ് റദ്ദാക്കാതെ മറ്റൊരു ട്രെയിനില്‍ റെയില്‍വേ ബെര്‍ത്ത് ഉറപ്പാക്കാം. മറ്റൊരു ട്രെയിനില്‍ ബെര്‍ത്ത് ഉറപ്പായാല്‍ യാത്രക്കാരെന്റ പേര് ചാര്‍ട്ടില്‍ ഇടില്ല. പകരം മൊബൈല്‍ നമ്പറില്‍ എസ്എംഎസ് അയക്കും. മെയില്‍, എക്സ്‌പ്രസ് ട്രെയിനുകളില്‍ മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
നിലവില്‍ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൊണ്ട് മറ്റൊരു ട്രെയിനില്‍ യാത്രചെയ്യാനാകില്ല. പുതിയ പദ്ധതി യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ഉത്സവ സീസണുകളില്‍ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
പദ്ധതി ഒറ്റനോട്ടത്തില്‍
ബദല്‍സംവിധാനത്തിന് വേറെ തുക നല്‍കേണ്ടതില്ല.
വികല്‍പ് പദ്ധതി നേരത്തേ തിരഞ്ഞെടുത്തിട്ടുള്ളവരും അന്തിമചാര്‍ട്ടില്‍ വെയ്റ്റിങ്‌ലിസ്റ്റിലുള്ളവര്‍ക്കും മാത്രമേ ബദല്‍ സംവിധാനം ലഭിക്കൂ.
ആദ്യം ബുക്കു ചെയ്ത വണ്ടിയിലും ബദല്‍ വണ്ടിയിലും ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് യാത്രക്കാരന് നല്‍കില്ല.
ബദല്‍ വണ്ടിയില്‍ ഉറപ്പുള്ള സീറ്റു നല്‍കിയാല്‍ അതില്‍ മാറ്റം വരുത്താനാവില്ല. ടിക്കറ്റ് റദ്ദാക്കാന്‍മാത്രമേ സാധിക്കൂ.
വികല്‍പ് തിരഞ്ഞെടുത്തതുകൊണ്ടുമാത്രം ബദല്‍ വണ്ടിയില്‍ ടിക്കറ്റ് ലഭിക്കണമെന്നില്ല.
ബദല്‍ വണ്ടിയിലെ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ആ വണ്ടി ഏതു വിഭാഗത്തിലുള്ളതാണെന്നും അനുവദിച്ച ബര്‍ത്തും നോക്കി മാത്രമേ തുക തിരികെനല്‍കൂ.
ബദല്‍ വണ്ടിയില്‍ യാത്ര തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ സ്റ്റേഷന്‍, ആദ്യത്തെ വെയ്റ്റിങ്‌ലിസ്റ്റ് ടിക്കറ്റിലുള്ളതുപോലെ ആവണമെന്നില്ല.
ആദ്യത്തെ വണ്ടി പുറപ്പെടുപ്പന്നതിന് 12 മണക്കൂര്‍ മുമ്പോട്ടും പിറകോട്ടുമുള്ള വണ്ടികളില്‍ ബദല്‍സംവിധാനം നല്‍കിയേക്കും.
















