ചെന്നൈ: ജയലളിത സര്‍ക്കാറിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പാട്ടെഴുതിയ നാടന്‍പാട്ട് കലാകാരനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകനും മക്കള്‍ കലൈ ഇളക്കിയ കഴകം(ജനകീയ കലാ സാഹിത്യ വേദി) സ്ഥാപകനുമായ കോവാന്‍ എന്ന ശിവദാസ്(45) ആണ് അറസ്റ്റിലായത്.
ഇന്നലെ പുലര്‍ച്ചെ 2.30ന് തൃശ്‌നാപ്പള്ളിയിലെ വസതിയില്‍ വെച്ചാണ് ചെന്നൈ സിറ്റി ക്രൈംബ്രാഞ്ച് കോവാനെ കസ്റ്റഡിയില്‍ എടുത്തത്. തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുന്നതിനു വേണ്ടി പോരാടുന്ന സംഘടനയാണ് കോവാന്‍ നേതൃത്വം നല്‍കുന്ന ജനകീയ കലാ സാഹിത്യ വേദി. സംഘടനയുടെ തെരുവു നാടകങ്ങള്‍ക്കു വേണ്ടി കോവാന്‍ അടുത്തിടെ എഴുതിയ രണ്ട് പാട്ടുകളാണ് കേസിനാധാരം.
പാട്ടുകളില്‍ ഒന്ന് തമിഴ്‌നാട് സര്‍ക്കാറിന്റെ മദ്യ നയത്തെയും മറ്റൊന്ന് മുഖ്യമന്ത്രി ജയലളിതയെ നേരിട്ടും രൂക്ഷമായി വിമര്‍ശിക്കുന്നവയാണ്. മൂടു തസ്മാക് മൂടു(പൂട്ടുക, മദ്യഷാപ്പുകള്‍ പൂട്ടുക) ഊരുക്ക് ഒരു സാരായം(ഊരിലെ ചാരായം) എന്നിവയാണ് പാട്ടുകള്‍. പാട്ടിന്റെ ഓഡിയോ വിഷ്വല്‍ സി.ഡികളും സംഘം പുറത്തിറക്കിയിരുന്നു. ഒരു രൂപക്ക് അരിയും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് കോടികളും ഒഴുക്കുന്ന സര്‍ക്കാര്‍ മദ്യം വിറ്റ് ഇതിനായി പണമുണ്ടാക്കുന്നതിനെയാണ് ആദ്യത്തെ പാട്ടില്‍ വിമര്‍ശിക്കുന്നത്.
മുഖ്യമന്ത്രി പോസില്‍(ഔദ്യോഗിക വസതിയായ പോസ് ഗാര്‍ഡന്‍) അഭിരമിക്കുമ്പോള്‍ ജനങ്ങള്‍ തെരുവില്‍ മരിച്ചു വീഴുകയാണെന്നാണ് രണ്ടാമത്തെ പാട്ടില്‍ പറയുന്നത്. രണ്ട് പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറിയിരുന്നു. പാട്ടിലെ വരികള്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഇടയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോവാനെ അറസ്റ്റു ചെയ്തത്.
















