ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ ഫോണ്‍ കോളിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. കേരളാ ഹൗസില്‍ പോലീസ് പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ വ്യാഴാഴ്ച വൈകിട്ട് രാജ്‌നാഥ്‌സിങ് ഫോണില്‍ വിളിച്ചെങ്കിലും പരിപാടിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. തിരികെ വിളിക്കണമെന്നറിയിച്ച ശേഷമാണ് ആഭ്യന്തരമന്ത്രി ഫോണ്‍ വെച്ചത്. എന്നാല്‍ രണ്ടുദിവസമായിട്ടും തിരികെ വിളിക്കാനോ മറ്റു തരത്തില്‍ ബന്ധപ്പെടാനോ കേരളാ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
അക്രമസംഭവമുണ്ടായ പശ്ചാത്തലത്തില്‍ പോലീസ് കേരളാ ഹൗസില്‍ പ്രവേശിച്ചത് വിവാദമാക്കിയ കേരളാ സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് രണ്ട് തവണയാണ് പ്രതിഷേധിച്ചുകൊണ്ടുള്ള കത്തയച്ചത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസവും വ്യാഴാഴ്ചയും മുഖ്യമന്ത്രി കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അപമാനിച്ചെന്നും ഫെഡറല്‍ സംവിധാനം തകര്‍ത്തെന്നും ആരോപിച്ചുള്ള കത്തുകള്‍ വെറും രാഷ്‌ട്രീയ ലക്ഷ്യത്തിനായി അയച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് ഫോണില്‍ വിളിച്ചിട്ട് സംസാരിക്കാനോ തിരികെ വിളിക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി. ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചെന്നും എന്നാല്‍ യോഗത്തിലായതിനാല്‍ ഇപ്പോള്‍ ലഭിക്കില്ലെന്നുള്ള മറുപടിയാണ് ലഭിച്ചതെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അറിയിച്ചു. തിരികെ വിളിക്കണമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും രാജ്‌നാഥ്‌സിങ് പാട്‌നയില്‍ വ്യക്തമാക്കി.
കേരളാ ഹൗസില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ വസ്തുവകകളില്‍ പ്രവേശിക്കുന്നതു സംബന്ധിച്ച പ്രത്യേക നിര്‍ദ്ദേശവും കേന്ദ്രം പുറപ്പെടുവിച്ചു. എന്നാല്‍ രാഷ്‌ട്രീയമായ ആരോപണങ്ങള്‍ ഉന്നയിക്കുകയെന്നതില്‍ ഉപരി കേന്ദ്രസര്‍ക്കാരിനോട് ആശയ വിനിമയം നടത്താന്‍ പോലും ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ലെന്ന് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
















