ന്യൂദല്‍ഹി: അന്യസംസ്ഥാനത്ത് ജോലിചെയ്യുന്നവരുടെ വോട്ടവകാശം സംബന്ധിച്ച തീരുമാനം സ്വീകരിക്കാന്‍ മൂന്നുമാസത്തെ സമയം കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി അനുവദിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച 18 അംഗ സമിതി വിഷയത്തില്‍ ഡിസംബര്‍ 31നകം മാത്രമേ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ. ഇതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി സമയം നീട്ടി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നിര്‍ദ്ദേശം.
എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം നടപ്പാക്കുകയെന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. തപാല്‍ വോട്ട് അനുവദിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പ്രോക്‌സി വോട്ട് അനുവദിച്ചാല്‍ അതു ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ആഭ്യന്തര കുടിയേറ്റക്കാരുടെ സംഖ്യ രേഖപ്പെടുത്തുന്നതിനായി രജിസ്ട്രാര്‍ ജനറലോ തൊഴില്‍ മന്ത്രാലയമോ പഠനം നടത്തേണ്ടതുണ്ടെന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
സൈനികര്‍, അര്‍ദ്ധ സൈനിക വിഭാഗങ്ങളിലെ അംഗങ്ങള്‍, പ്രവാസികള്‍ എന്നിവര്‍ക്ക് ജോലി സ്ഥലത്ത് ഇരുന്ന് സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കാനുള്ള നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.
ഇ-പോസ്റ്റല്‍ വോട്ട് വഴി ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നായിരുന്നു കേന്ദ്രനിര്‍ദ്ദേശം. ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയില്‍ 11 അംഗ മന്ത്രിതല സമിതിയും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
















