ന്യൂദല്‍ഹി: ചില സൈനിക യൂണിറ്റുകളില്‍ ആചാരത്തിന്റെ ഭാഗമായി കാലങ്ങളായി തുടരുന്ന മൃഗബലി നിര്‍ത്തിവെയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഗൂര്‍ഖ റെജിമെന്റില്‍ അടക്കം ദസറയുടെ ഭാഗമായി പോത്തുകളെ ബലികൊടുക്കുന്ന തരത്തിലുള്ള ആചാരങ്ങളാണ് നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പതിറ്റാണ്ടുകളായി തുടരുന്ന ആചാരമാണെങ്കിലും ചില നിയമപ്രശ്‌നങ്ങളുള്ളതിനാല്‍ സൈന്യത്തെക്കൂടി വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കാതിരിക്കാനാണ് ഇത്തരം ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആചാരം തുടരണമെന്ന് നിര്‍ബന്ധമുള്ള യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അറവുശാലകളില്‍ ഇതു നടപ്പാക്കാമെന്ന നിര്‍ദ്ദേശവും മന്ത്രാലയം സൈന്യത്തിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
















