കൊച്ചി:തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ 2931 പ്രചരണ സാമഗ്രികള്‍ ഇതുവരെ ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി നീക്കം ചെയ്തു. ഒക്ടോബര്‍ 14 ന് ആരംഭിച്ച സ്‌ക്വാഡിന്റെ പ്രവര്‍ത്തനം പതിനഞ്ച് ദിവസം പിന്നിട്ടപ്പോള്‍ 1129 ബോര്‍ഡുകളും, 1778 പോസ്റ്ററുകളും, 44 ബാനറുകളുമാണ് നീക്കം ചെയ്തത്. എല്‍ഡിഎഫിന്റെ 392 ബോര്‍ഡ്, 511 പോസ്റ്ററുകള്‍, 11 ബാനറുകളും, യുഡിഎഫ് ന്റെ 639 പോസ്റ്ററുകളും, 397 ബോര്‍ഡുകളും, 18 ബാനറുകളും , ബിജെപിയുടെ 242 ബോര്‍ഡുകളും, 430. പോസറ്ററുകളും, പത്ത് ബാനറുകളുമാണ് സ്‌ക്വാഡ് പിടികൂടിയത്. മാതൃക പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തി തടയുന്നതിന് നോഡല്‍ ഓഫീസര്‍ ടി.എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം ആലുവ, അങ്കമാലി, മുക്കന്നൂര്‍, അയ്യമ്പുഴ, മഞ്ഞപ്ര, കാലടി, പെരുമ്പാവൂര്‍, കിഴക്കമ്പലം, തൃക്കാക്കര എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 206 പോസ്റ്ററുകളും, 24 ബോര്‍ഡുകളും, 28 ബാനറുകളും പിടികൂടി. പോലീസിന്റെ അനുവാദം കൂടാതെ മൈക്ക് സെറ്റ് ഉപയോഗിച്ച രണ്ട് ജീപ്പുകളും പിടികൂടി.
















