കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കമാന്റോകള്‍ ഇറങ്ങും. വടകരയിലെ 40 പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷാസേനയും ക്യാമറയും വിന്യസിക്കും.
നഗരത്തില്‍ സിറ്റി പൊലീസിന് പുറമെ കമാണ്ടോകളും ഉണ്ടാകും. ഒരു കമ്പനി ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍ 75 കമാണ്ടോകളാണ് തിരഞ്ഞെടുപ്പ് ചുമതലയ്‌ക്ക് ഉണ്ടാവുക. സിറ്റി പൊലീസ് ചീഫിന് കീഴിലുളള പുരുഷവനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ തുടങ്ങി എസ്.ഐമാര്‍ വരെയുളളവര്‍ തന്നെ മതിയാകുമെന്നാണ് പൊലീസ് മേധാവികളുടെ കണക്കുകൂട്ടല്‍. മൊത്തം 1770 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഇവരില്‍ എസ്.ഐമാരും ഉള്‍പ്പെടും. ഇതിന് പുറമെ 13 അസിസ്റ്രന്റ് കമ്മിഷണര്‍മാര്‍ , 10 സി.ഐമാര്‍, സിറ്റി പൊലീസ് ചീഫ് പി.എ വല്‍സന്‍, ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡി.സാലി എന്നിവരും നേതൃത്വം നല്‍കും.
നഗരത്തില്‍ പ്രശ്‌നബാധിത സ്ഥലങ്ങള്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് സിററി പൊലീസ് ചീഫ് പി.എ വല്‍സന്‍ പറഞ്ഞു. നഗരത്തില്‍ 126 പ്രശ്‌നബാധിതസ്ഥലങ്ങളാണുള്ളത്. ആവശ്യമാണെങ്കില്‍ കൂടുതല്‍ പൊലീസുകാരെ ലഭിക്കാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വല്‍സന്‍ പറഞ്ഞു. മാറാട്, പുതിയാപ്പ, കക്കോടി, എലത്തൂര്‍, ടൗണ്‍ പൊലീസ് സ്‌റ്രേഷന്‍ പരിധി , ഫറോക്ക്, കുന്നമംഗലം, നെച്ചൂളി, പെരുമണ്ണ, നല്ലളം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും പ്രശ്‌നബാധിത സ്ഥലങ്ങളായി കണക്കാക്കിയിട്ടുള്ളത്.
















