ചെറുപുഴ: പുളിങ്ങോം–രാജഗിരി റോഡിലെ ഉമയംചാല്‍ അപകടവളവ് ഒഴിവാക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. 6.25 കോടി രൂപ ചെലവില്‍ പുളിങ്ങോത്തു നിന്നു രാജഗിരി വരെയുള്ള ഏഴര കിലോമീറ്റര്‍ റോഡ് നേരത്തേ മെക്കാഡം ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. ഇതിനു പുറമെയാണ് അപകടവളവ് ഒഴിവാക്കുന്നതിന് ഒരുകോടി രൂപ കൂടി അനുവദിച്ചത്. ഇതിന്റെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നു വരുന്നത്. പുളിങ്ങോം പുതിയപാലത്തിനു സമീപത്തെ അപകട വളവിലെ തോടിന്റെ കലുങ്ക് വലുതാക്കി റോഡ് വീതി കൂട്ടുന്നതിനും ഓവുചാല്‍ നിര്‍മിക്കുന്നതിനുമാണു തുക അനുവദിച്ചത്. കൊടും വളവായതിനാല്‍ ഇരുഭാഗത്തും നിന്നുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കില്ല. നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ ഇതിനു പരിഹാരമാകും.
















