കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് യു.ഡി.എഫില്‍ സ്ഥാ നാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. പലരും സ്വയം സ്ഥാനാര്‍ത്ഥികളായി രംഗത്ത് വരാന്‍ തുടങ്ങിയത് മുന്നണിയില്‍ വിഭാഗീയതയുണ്ടാക്കിയിട്ടുണ്ട്. മുന്നണി തലത്തില്‍ ചര്‍ച്ചകള്‍ ഒന്നും തന്നെ തുടങ്ങിയിട്ടില്ല. പലരും സ്വയം സ്ഥാനാര്‍ത്ഥികളായി രംഗത്തിറങ്ങിയതല്ലാതെ മുന്നണി സംവിധാനത്തില്‍ ഇതുവരെ നീക്കങ്ങള്‍ തുടങ്ങിയില്ല. മുസ്ലിം ലീഗ് പാര്‍ട്ടി തലത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും തര്‍ക്കങ്ങള്‍ വന്നതോടെ അവ പറഞ്ഞു തീര്‍ക്കുന്ന തിരക്കിലാണ്.
കാഞ്ഞങ്ങാട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ ഇതുവരെയും പരിഹരിച്ചിട്ടില്ല. മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടത്തി തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നോക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ആരുമായും ചര്‍ച്ചകള്‍ ഇതുവരെയും തുടങ്ങാനായിട്ടില്ല. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് നിയമനവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ചേരിപ്പോര് ഇപ്പൊഴുമുണ്ട്. മണ്ഡലം പ്രസിഡണ്ട് പ്രശ്‌നം ഇപ്പൊഴും നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ ചിലര്‍ നിസഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. തെറ്റിനില്ക്കുന്ന ഗ്രൂപ്പ് നേതൃത്വത്തിനെതിരെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അറിയുന്നു. ഇത് യുഡിഎഫിന്റെ വിജയ സാധ്യതകളെ ഇല്ലാതാക്കും.
















