കണ്ണൂര്‍: ഗാന്ധിയന്‍ ആശയങ്ങള്‍ യുവഹൃദയങ്ങളിലെത്തിക്കുക എന്ന സന്ദേശവുമായി 2ന് തിരുവനന്തപുരത്തുനിന്നും യാത്രതിരിച്ച ഗാന്ധിരഥം 14ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കൂത്തുപറമ്പ്, തലശ്ശേരി, വലിയ മാടാവില്‍ സ്‌കൂള്‍, ബ്രണ്ണന്‍ ഹൈസ്‌കൂള്‍, കൗമുദിടീച്ചറുടെ സ്മൃതി കുടീരം, കണ്ണൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം 5.30ന് പയ്യന്നൂര്‍ ഗാന്ധിമൈതാനിയിലെത്തും. ജില്ലാതല സമാപന പരിപാടിക്കു ശേഷം രഥം കാസര്‍ഗോഡ് ജില്ലയില്‍ പ്രവേശിക്കും.
പയ്യന്നൂരില്‍ ഗാന്ധിരഥത്തിന് വന്‍ സ്വീകരണം നല്‍കുന്നതിന് സ്വാതന്ത്ര്യസമര സേനാനി പിപി അപ്പുക്കുട്ട പൊതുവാള്‍ മുഖ്യരക്ഷാധികാരിയും മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനും കാരയില്‍ സുകുമാരന്‍ കണ്‍വീനറുമായി സംഘാടക സമിതി തീരുമാനിച്ചു. പയ്യന്നൂരില്‍ ഗാന്ധിജി നട്ട മാവ് സന്ദര്‍ശിച്ച ശേഷമായിരിക്കും ഗാന്ധിമൈതാനിയില്‍ പൊതു പരിപാടി നടക്കുക. ജനറല്‍ കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ , വി.എന്‍.എരിപുരം, കെ.വി.സുരേന്ദ്രന്‍, ഗോവിന്ദന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തു.
















