പാറ്റ്‌ന: വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ഇനി രണ്ടാഴ്ച മാത്രം, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചു തുടങ്ങി. ആവേശത്തിന്റെ അതിര്‍ത്തികള്‍ എഴുതാന്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ വീണ്ടും എത്തിയതോടെ ബിജെപി വൃന്ദം ആഘോഷിക്കുകയായി.
മഹാ സഖ്യം പറയുന്നതും ബിജെപിയെക്കുറിച്ചായതിനാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നാണ് പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം. നിതീഷ് കുമാര്‍ യോഗങ്ങളില്‍ പ്രസംഗിക്കുന്നത് മഹാ സഖ്യം ജയിക്കുന്ന കാര്യമല്ല, പകരം ബിജെപി ജയിച്ചാല്‍ എന്തു സംഭവിക്കുമെന്നാണ്. ജനങ്ങള്‍ ചോദിച്ചുതുടങ്ങി, ഇതെന്തുപറ്റി നിതീഷിനെന്ന്, ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.
അമിത് ഷായ്‌ക്കാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. പൊതു യോഗങ്ങളില്‍നിന്ന് പൊതു യോഗങ്ങളിലേക്ക്. ഇടയ്‌ക്കു കിട്ടുന്ന വേളയില്‍ ആസൂത്രണങ്ങള്‍, അവലോകനങ്ങള്‍. കഴിഞ്ഞ ദിവസം കേരളത്തിലായിരുന്ന ഷാ ദല്‍ഹിയിലെത്തി അടുത്ത ദിവസം പാറ്റ്‌നയില്‍ വിമാനമിറങ്ങുകയായിരുന്നു.
പാര്‍ട്ടിയുടെ ബീഹാര്‍ തെരഞ്ഞെടുപ്പു ചുമതലക്കാരനായ അനന്തകുമാറുമൊത്താണ് ഷാ പാറ്റ്‌നയില്‍ വന്നത്. ഇന്നലെ മാത്രം ഒമ്പതു പൊതുയോഗങ്ങളില്‍ പങ്കെടുത്തു. 38 ജില്ലകളില്‍നിന്നുള്ള ജനങ്ങളെ അഭിസംേബാധന ചെയ്തു, പാര്‍ട്ടി വക്താവ് സഞ്ജയ് മയൂഖ് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചാരണത്തിന്റെ അവസാന ഘട്ടംവരെ ഒറ്റക്കെട്ടായി നിന്ന് മുന്നേറണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടണമെന്നത് അദ്ദേഹത്തിന്റെ നിശ്ചയമാണ്. അതിന് ബൂത്തുതലംവരെ തന്ത്രപരമായും സാങ്കേതികമായും എന്തെല്ലാം മാറ്റങ്ങളും മാനേജിങ്ങും നടത്തണമെന്നകാര്യം അദ്ദേഹം തീരുമാനിക്കും, പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഒക്‌ടോബര്‍ അഞ്ചുവരെ വിവിധ തലത്തിലുള്ള യോഗങ്ങളും മറ്റുമായി ഷാ ബീഹാറില്‍ ഉണ്ടാകും.
ബേഗു സഹായ്, ഔറംഗാബാദ്, പാറ്റ്‌ന, മുസാഫര്‍പുര്‍, സുപൗള്‍, കിഷന്‍ ഗഞ്ച്, കതിഹാര്‍, പുര്‍ണിയ എന്നിവിടങ്ങളിലാണ് പ്രധാന റാലികള്‍.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കിഷന്‍ ഗഞ്ച്, കതിഹാര്‍, പുര്‍ണിയ എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു റാലികള്‍ വേണമെന്നത് അമിത്ഷായുടെ നിര്‍ബന്ധമായിരുന്നു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ മൂന്നും ബിജെപി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്‌ടോബര്‍ രണ്ടിന് ബീഹാറിലെത്തും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥി തോറ്റ ബങ്ക മണ്ഡലത്തിലാണ് മോദിയുടെ റാലി. ഒക്‌ടോബര്‍ 12-നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്.
















