ന്യൂദല്‍ഹി: രാജ്യത്ത് മൃഗബലി തടയാനാവില്ലെന്ന് സുപ്രീംകോടതി. വിവിധ വിശ്വാസങ്ങളെ ഏകോപിപ്പിക്കേണ്ടത് കോടതിയുടെ ചുമതലയാണെന്നും മതവികാരങ്ങളെ ബാധിക്കുന്നതാണ് വിഷയമെന്നും വിലയിരുത്തിയാണ് നടപടി.
ചെന്നൈയിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് പരമോന്നത കോടതി നിലപാട് അറിയിച്ചത്.
നൂറ്റാണ്ടുകളായി ജനങ്ങള്‍ പിന്തുടരുന്ന ആചാരങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കാനാവില്ല. എല്ലാ മതങ്ങളും വിശ്വാസങ്ങളും തമ്മിലെ ഐക്യം നിലനിര്‍ത്തേണ്ടതുണ്ട്. വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവും ജസ്റ്റിസ് അമിതാവ റോയിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
മതപരമായ ആഘോഷങ്ങള്‍ക്കിടയിലെ മൃഗബലി കൊടുംക്രൂരതയാണെന്നും അതു കുട്ടികളില്‍ അക്രമവാസന വളര്‍ത്തുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ 1960ല്‍ കൊണ്ടുവന്ന നിയമത്തിന്റെ ലംഘനമാണ് മൃഗബലിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















