ന്യൂദൽഹി: ഗാർഹിക പീഡനക്കേസിൽ ഒളിവിലായിരുന്ന ആം ആദ്മി പാർട്ടി നേതാവും മുൻ ദൽഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. സോംനാഥ് ഭാരതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇന്ന് വൈകിട്ട് ആറു മണിക്ക് മുമ്പായി കീഴടങ്ങണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു.
നിങ്ങൾ ഉത്തരവാദപ്പെട്ട ആളാണെങ്കിൽ ഓടി ഒളിക്കരുതെന്നും ആദ്യം കീഴടങ്ങുക അതിന് ശേഷം കോടതിയിൽ ഹാജരാകുകയെന്നുമാണ് സുപ്രീംകോടതി ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്.ഈ സാഹചര്യത്തിലാണ് സോംനാഥ് ഭാരതി വെസ്റ്റ് ദില്ലിയിലെ ദ്വാരകയിലുള്ള പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നേരരത്തെ ആവശ്യപ്പെട്ടിരുന്നു. ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സോംനാഥ് ഭാരതി ഒളിവിൽപോയത്. ഓഫീസിലും വസതിയിലും പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഭാരതിയെ കണ്ടെത്താനായിരുന്നില്ല.
മാനസികവും ശാരീരികവുമായി പീഡിപ്പിച്ച സോംനാഥ് ഭാരതി തന്നെ കൊലപ്പെടുത്താനും ശ്രമിച്ചെന്നാണ് ഭാര്യ ലിപിക മിത്രപരാതി നൽകിയത്. ഭാരതിക്കെതിരെ ഭാര്യ ഉന്നയിച്ച പരാതികൾ ഗൗരവമുള്ളതാണെന്നും അതിന് രേഖകളുടെ പിൻബലമുണ്ടെന്നും നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഭർത്താവിനെതിരെ ജൂൺ പത്തിന് ലിപിക ദൽഹി വനിതാ കമ്മിഷനിലും പരാതി നൽകിയിരുന്നു. 2010ലാണ് ഇരുവരും വിവാഹിതരായത്. ഭാരതി തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാൻ ശ്രമിച്ചെന്നും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് മിത്രയുടെ പരാതി
















