സാന്‍ജോസ്: ഭാരതത്തെപ്പറ്റിയുള്ള ലോകജനതയുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റംതന്നെ വന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പുതിയ പ്രതീക്ഷകളോടെയും പുതിയ കാഴ്‌ച്ചപ്പാടുകളോടെയുമാണ് ലോകം ഭാരതത്തെ നോക്കിക്കാണുന്നത്. സാന്‍ജോസില്‍ പ്രവാസി ഭാരതീയര്‍ നല്‍കിയ വമ്പന്‍ സ്വീകരണത്തില്‍ പങ്കെടുത്ത് മോദി പറഞ്ഞു. കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ നിങ്ങളുടെ വിരലുകള്‍ ചലിച്ചതാണ് ഭാരതത്തെപ്പറ്റിയുള്ള കാഴ്ചപ്പാട്മാറാനുള്ള ഒരു കാരണം.
രാഷ്‌ട്രീയക്കാരും അവരുടെ കുടുംബങ്ങളും അഴിമതിയിലൂടെ കോടാനുകോടി നേടിയെന്ന ആരോപണങ്ങളാണ് മുന്‍പ് ഉയര്‍ന്നിരുന്നത്. ഇയാള്‍ അന്‍പതു കോടിയുണ്ടാക്കി, മകന്‍ 250 കോടിയുണ്ടാക്കി, മകള്‍ 500 കോടിയുണ്ടാക്കി, ആരുടെയോ മരുമകന്‍… മരുമകന്‍… ആയിരം കോടിയുണ്ടാക്കി. എന്നാല്‍ എന്റെ സര്‍ക്കാരിനെതിരെ അത്തരം ആരോപണമൊന്നും ഉണ്ടായിട്ടില്ല; ആര്‍പ്പുവിളികള്‍ക്കിടയില്‍ മോദി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ദാ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുകയാണ്. ഇത്തരമൊരാരോപണം എനിക്ക് എതിരെ ഉയര്‍ന്നിട്ടുണ്ടോ? മോദി ചോദിച്ചു. ഞാന്‍ രാജ്യത്തിനുവേണ്ടിയാണ് ജീവിക്കുന്നത്.
രാജ്യത്തിനു വേണ്ടി മരിക്കാനും തയ്യാറാണ്. ഇപ്പോള്‍ പതിനാറു മാസം കഴിഞ്ഞിരിക്കുന്നു (എന്റെ ഭരണം). എനിക്ക് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണം, ഞാന്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലേ? ഞാന്‍ രാത്രിയും പകലും കഠിനാധ്വാനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്, മോദി പറഞ്ഞു.
ബ്രെയിന്‍ ഡ്രെയിന്‍ (മിടുക്കരായവര്‍ ജോലി തേടി മറ്റുരാജ്യങ്ങളില്‍ ചേക്കേറുന്ന പ്രവണത) എന്നതിനെപ്പറ്റിയാണ് നാം മുന്‍പ് കേട്ടിട്ടുള്ളത്. എന്നാല്‍ ഇത് ബ്രെയിന്‍ ഗെയിനാക്കാന്‍ (നേട്ടം)നമുക്ക് കഴിയും. ഇന്ന് ലോകത്ത് ഏതുമൂലയില്‍ ചെന്നാലും ഭാരതത്തെപ്പറ്റിയുള്ള വിശ്വാസം പ്രകടമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ട് നമ്മുടെ ഭാരതത്തിന്റെതാണ്. ഈ മാറ്റം മോദി വന്നതുകൊണ്ടല്ല, നൂറ്റിയിരുപത്തഞ്ച് കോടിയിലേറെ ഭാരതീയരുടെ ലക്ഷ്യബോധത്തിന്റെ കരുത്തുകാരണമാണ്. ഇനി ഭാരതം പിന്നിലാകില്ല.
പതിനെണ്ണായിരത്തിലേറെപ്പേര്‍ തിങ്ങിനിറഞ്ഞ പരിപാടിയില്‍ ഉടനീളം ജനങ്ങള്‍ മോദി മോദി മന്ത്രം ഉരുവിട്ടുകൊണ്ടിരുന്നു. ആവേശം വാരിവിതറിയായിരുന്നു പരിപാടി.
മോദിയും ഒബാമയുംകൂടിക്കാഴ്ച നടത്തി
വാഷിങ്ടണ്‍: യുഎന്നില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ ഭാരതത്തെ പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്‌ക്കു നന്ദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നല്‍കിയ അത്താഴവിരുന്നില്‍ ഔപചാരിക പ്രസ്താവന നടത്തുകയായിരുന്നു മോദി.
അമേരിക്കയും ഭാരതവും തമ്മിലുള്ള സൗഹാര്‍ദ്ദം ആഗോള സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഐക്യരാഷ്‌ട്ര സംഘടനയുടെ പരിഷ്‌കാരങ്ങള്‍ക്കുള്ള ഗതിവേഗം കൂട്ടാനും അത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അമേരിക്കന്‍ ജനതയും വ്യവസായ സമൂഹവും പ്രസിഡന്റും നല്‍കിയ എല്ലാ ആതിഥ്യങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും മോദി നന്ദി പ്രകടിപ്പിച്ചു. നേരത്തേ വൈറ്റ് ഹൗസില്‍ എത്തിയ മോദിയെ ബരാക് ഒബാമ ഗാഢാലിംഗനം ചെയ്താണു സ്വീകരിച്ചത്.
















