ഇസ്ലാമബാദ്:ഒരുതാരത്തിന് ലഭിക്കുന്നപോലെയുള്ള സ്വീകരണമാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കിയില്‍ വിവിധ പരിപാടികളില്‍ ലഭിച്ചതെന്ന് പാക്കിസ്ഥാനി ദിനപത്രം. വിവേകിയായ രാഷ്‌ട്രീയക്കാരനാണ് മോദിയെന്നും ഭാരതത്തില്‍ രാഷ്‌ട്രീയ രംഗത്തും സൈനിക രംഗത്തും ആധിപത്യമാണ് ലക്ഷ്യമിടുന്നതെന്നും പത്രം പറയുന്നു. ‘ദി നേഷന്‍’ പത്രത്തിന്റെ തിങ്കളാഴ്ചയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മോദിയെ അപേക്ഷിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് സ്വന്തം കോട്ടക്കുള്ളില്‍ മാത്രമായിരുന്നു. മോദിക്ക് പരിപാടികളിലും പാര്‍ട്ടികളിലും ഒരു താരത്തെപോലെ വരവേല്‍പ്പ് ലഭിച്ചപ്പോള്‍ നവാസ് ഷെറീഫിന് ഐക്യരാഷ്‌ട്രസഭയിലെ വേദിമാത്രമാണ് ഉണ്ടായിരുന്നത്. ഇതാകട്ടെ പാക്കിസ്ഥാന് എതിരായെന്നും പത്രം പറയുന്നു.
സുസ്ഥിരവികസനത്തിനായുള്ള യുഎന്‍ സെക്രട്ടറി ജനറലിന്റെ ഉച്ചക്കോടിയില്‍ 2015ലെ പ്രതീകഷകളും വികസന അജണ്ടകളും മോദിയും നവാസും സ്വീകരിച്ചിരുന്നു. അതേസമയം ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. രണ്ടുദിവസത്തെ യുഎസ് ടെക് ഹബ് സന്ദര്‍ശനത്തില്‍ മോദി സിലിക്കണ്‍ വാലിയിലെ വലിയ എക്‌സിക്യൂട്ടീവുകളോട് സംസാരിക്കുകമാത്രമല്ല, 1.5 ബില്യണ്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ ചോദ്യങ്ങളിലൂടെ ഏറ്റെടുക്കുകയായിരുന്നുവെന്നും പത്രം പറയുന്നു.
30 വര്‍ഷത്തിനിടയില്‍ യുഎസ് വെസ്റ്റ് കോസ്റ്റില്‍ സന്ദര്‍ശിച്ച ആദ്യത്തെ ഭാരത നേതാവാണദ്ദേഹം. ഭാരത വംശജരായ വ്യവസായികളുമായും മൈക്രോസോഫ്റ്റ്, ഗൂഗിള്‍, അഡോബ് തുടങ്ങിയ സിഇഒമാരുമൊത്ത് ഡിന്നറില്‍ പങ്കെടുത്തു. ഭാരതീയര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുവാനും പ്രത്സാഹിപ്പിക്കുവാനും സിലിക്കണ്‍വാലിയിലൂടെ മോദിക്കായി. എന്നാല്‍ നവാസ് ഷെറീഫിന് എന്തായി എന്ന് പത്രം ചോദിക്കുന്നു.
യുഎസില്‍ ചിതറിക്കിടക്കുന്ന ഭാരതീയരെ ബന്ധപ്പെടുവാനാണ് മോദി ശ്രമിച്ചത്. എന്നാല്‍ നവാസ് ഷെറീഫ് ഐക്യരാഷ്‌ട്രസഭയില്‍ ഉറുദുവില്‍ സംസാരിക്കുവാന്‍ മാത്രമാണ് ശ്രമിച്ചത്. ഇതൊരു താമശ മാത്രമായിരുന്നു. പാശ്ചാത്യര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്യുവാനോ വ്യക്തിപ്രഭാവം കാണിക്കാനോ ഷെറീഫിനായില്ല. പാക്കിസ്ഥാന്‍ തീര്‍ച്ചയായും മോദിയുടെ രീതികളെക്കുറിച്ച് പഠിക്കണമെന്നും പത്രം ഊന്നിപറയുന്നു.
സമര്‍ത്ഥനായ രാഷ്‌ട്രീയക്കാരനായ മോദിക്ക് അത്ഭുതകരമായ സമയോജിത പ്രവര്‍ത്തനമുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ പഴയ പരാജയപ്പെട്ട നയങ്ങളുമായിട്ടാണ് പോകുന്നത്. പാശ്ചാത്യനാടുകളില്‍ പാക്കിസ്ഥാന്റെ ഇമേജില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അമേരിക്ക ഭാരതത്തെ എല്ലാത്തരത്തിലും സഹായിക്കും. നമ്മുടെ സൈനിക ശക്തിയുടെ ഗുണവും നമുക്ക് നഷ്ടമാകുമെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.
















