മാലി: ബോട്ടില്‍ വന്‍ സ്‌ഫോടനം, മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീനും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. സ്പീഡ് ബോട്ട് മാലദ്വീപിന്റെ തലസ്ഥാനമായ മാലിയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായതും ബോട്ട് തകര്‍ന്നതും.
ഭാര്യക്കും രണ്ടു സഹായികള്‍ക്കും പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ട്. മക്കയില്‍ ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു പ്രസിഡന്റും ഭാര്യയും.
സൗദിയില്‍നിന്ന് മാലി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രസിഡന്റ് ബോട്ടില്‍ തന്റെ വസതിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
എന്‍ജിനില്‍ നിന്നാണോ സ്‌ഫോടക വസ്തുകള്‍ പൊട്ടിത്തെറിച്ചാണോ അപകടം എന്നു വ്യക്തമായിട്ടില്ല, അധികൃതര്‍ പറഞ്ഞു.
2013ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 59 കാരനായ യാമീന്‍ വിവാദനായകനാണ്. യാമീന്‍ പ്രസിഡന്റായതോടെ തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍പ്പിച്ച മൊഹമ്മദ് നഷീദിനെ ഭീകരപ്രവര്‍ത്തനം ആരോപിച്ച് ജയിലില്‍ അടച്ചത് വിവാദമായിരുന്നു.
















