സാന്‍ജോസ് (കാലിഫോര്‍ണിയ): നോക്കും വാക്കും വാഗ്ദാനങ്ങളും കൊണ്ടു മാത്രമല്ല, വമ്പിച്ച ആസൂത്രിത പദ്ധതികള്‍ കൊണ്ടും സിലിക്കണ്‍ വാലി കീഴടക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്‍ സ്ഥാപനങ്ങളുടെ തലവന്മാരുടെയും ഐടിയുടെയും ആസ്ഥാനമായ ഈ ‘താഴ്‌വര’യിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും ഹൃദയം കവര്‍ന്നാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ആസൂത്രകന്‍ മടങ്ങുന്നത്. ശാസ്ത്രമറിയാത്ത പഴഞ്ചന്‍ പൈതൃകം പറഞ്ഞ് അഭിമാനം നടിക്കുന്നവരുടെ രാജ്യമെന്ന മോശം പേര് എല്ലാ തലത്തിലും തരത്തിലും തിരുത്തിയാണിത്. വമ്പന്മാരുടെ കാര്യത്തിലെ ചരിത്ര വാക്യം ആവര്‍ത്തിച്ചാല്‍, മൂന്നു പതിറ്റാണ്ടിനു ശേഷം ഭാരതത്തിന്റെ ഭരണത്തലവന്‍ സിലിക്കണ്‍ വാലിയില്‍ വന്നു, കണ്ടു, കീഴടക്കി മടങ്ങി.
ലോകത്തിന്റെ ഏതു മൂലയില്‍ നടക്കുന്ന ഒരു സാങ്കേതിക വിപ്ലവവും തനിക്ക് അന്യമല്ലെന്നു സ്ഥാപിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗവും പ്രഖ്യാപനങ്ങളും. സ്വന്തം അനുഭവവും ഭാരതത്തിലെ ഒട്ടേറെ പേരുടെ അനുഭവങ്ങളില്‍നിന്നുള്ള അറിവും ഗ്രാമീണ വനിതകളുടെ അനുഭവവും വിവരിച്ച് മോദി ഐടി താഴ്‌വരയെ തികച്ചും വിസ്മയിപ്പിച്ചു. അതുകേട്ട് ആയിരക്കണക്കിനു പേര്‍ കൈയടിച്ച് അഭിനന്ദിച്ചു.
മോദിയുടെ, ഏറെപ്പേരെ അധികമധികം ആഹ്ലാദിപ്പിച്ച, വാക്യങ്ങളിലൂടെ: ”നിങ്ങളില്‍ പലരേയും ഞാന്‍ ദല്‍ഹിയിലും ന്യൂയോര്‍ക്കിലും ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവിടങ്ങളില്‍ കണ്ടിട്ടുണ്ട്. ഇവിടങ്ങളൊക്കെയാണ് നമ്മുടെ പുതിയ അയല്‍പ്രദേശങ്ങള്‍,” മോദിയുടെ വാക്കുകള്‍ അവസാനിച്ചപ്പോള്‍ കുറച്ചു നേരത്തേക്ക് നിലയ്‌ക്കാത്ത കരഘോഷമായിരുന്നു. തുടര്‍ന്ന് അദ്ദേഹം സിലിക്കണ്‍ വാലിയിലെ പ്രമുഖ കമ്പനികളെ തന്റേതായ രീതിയില്‍ വിവരിക്കാന്‍ തുടങ്ങി.
”ഫേസ്ബുക് ഒരു രാജ്യമാണെങ്കില്‍ അതായിരിക്കും ജനസംഖ്യയില്‍ ലോകത്തെ മൂന്നാമത്തേതും പരസ്പര ബന്ധത്തിന്റെ കാര്യത്തില്‍ ഒന്നാമത്തേതും.”
”ഗൂഗിള്‍ ഇന്ന് അദ്ധ്യാപകരേയും മുത്തച്ഛന്‍-മുത്തശ്ശിമാരെയും പോലും അമ്പരപ്പിക്കുന്നു.”
”ട്വിറ്റര്‍ എല്ലാവരേയും റിപ്പോര്‍ട്ടര്‍മാരാക്കി മാറ്റിക്കഴിഞ്ഞു.”
”ഇന്നിപ്പോള്‍ സിസ്‌കോവിലാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് ലൈറ്റു വേണ്ടത്.”
”നിങ്ങള്‍ ഉണര്‍ന്നിരിക്കുന്നോ ഉറങ്ങുന്നോ എന്നതു പ്രശ്‌നമല്ല, മറിച്ച് ഓണ്‍ലൈനാണോ ഓഫ്‌ലൈനാണോ എന്നതാണ് വിഷയം. നമ്മുടെ യുവാക്കള്‍ ഇന്നു ചര്‍ച്ചചെയ്യുന്ന അടിസ്ഥാന വിഷയം ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡോ വിന്‍ഡോസോ ഐഒഎസോ എന്നാണ്.”
”കമ്പ്യൂട്ടിങ് മുതല്‍ കമ്മ്യൂണിക്കേഷന്‍ വരെ, എന്റര്‍ടൈന്‍മെന്റ് മുതല്‍ എഡ്യൂക്കേഷന്‍ വരെ, പ്രിന്റിങ് മുതല്‍ പ്രിന്റിങ് ഉല്‍പ്പന്നങ്ങള്‍ വരെ എല്ലാം ഇന്ന് കുറഞ്ഞ സമയംകൊണ്ടുള്ള ഇന്റര്‍നെറ്റ് ഇടപാടായി.”
”ഇന്ന് വിദൂരത്ത് മലമുകളില്‍ താമസിക്കുന്ന അമ്മയ്‌ക്കാണ് തന്റെ നവജാത ശിശുവിനെ സംരക്ഷിക്കാന്‍ കൂടുതല്‍ സാധ്യതകള്‍. വിദൂര ഗ്രാമത്തിലുള്ള കുട്ടിക്കാണ് ഇന്ന് മികച്ച വിദ്യാഭ്യാസം കിട്ടുന്നത്, ഡിജിറ്റല്‍ ലോകത്തെ ഭാരത മാറ്റങ്ങള്‍ വിശദീകരിച്ച് മോദി പറഞ്ഞു.
”ഇന്ന് ചെറുകിട കര്‍ഷകന് അവിടെ ഏറ്റവും ആത്മവിശ്വാസമുണ്ട്, തന്റെ ഉല്‍പ്പന്നത്തിനു മികച്ച, അര്‍ഹമായ വിലകിട്ടുമെന്ന കാര്യത്തില്‍. മീന്‍പിടുത്തത്തിനു പോകുന്നവര്‍ക്കുറപ്പുണ്ട് നല്ല കോളുകിട്ടുമെന്ന്. സാന്‍ജോസിലിരിക്കുന്ന ഒരു യുവ എഞ്ചിനീയര്‍ക്ക് ഭാരതത്തില്‍ പ്രായമായി കഴിയുന്ന അമ്മയുടെ ആരോഗ്യ കാര്യങ്ങള്‍ സ്‌കൈപ്‌വഴി നിത്യവും നേരിട്ടു ചോദിച്ചറിയാന്‍ കഴിയുന്നു,” മോദി പറഞ്ഞു.
”ഹരിയാനയിലെ ഒരു അച്ഛന്‍ പെണ്‍മകളുമൊത്ത് എടുത്ത സെല്‍ഫി അന്താരാഷ്‌ട്രതലത്തില്‍ ഒരു വലിയ പ്രസ്ഥാനമായി മാറി, ഇതെല്ലാം നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ ഫലംകൂടിയാണ്,” മോദി പറഞ്ഞപ്പോള്‍ കാതടപ്പിക്കുന്ന കരഘോഷമായിരുന്നു.
















