സിലക്കണ്‍ വാലി: നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഭാരതത്തെ സാങ്കേതിക രംഗത്ത് ലോകരാജ്യങ്ങള്‍ക്കൊപ്പമെത്തിക്കുമെന്ന് സിലിക്കണ്‍ വാലിയിലെ ഐടി കമ്പനികളുടെ തലവന്മാര്‍. ഇക്കാര്യത്തില്‍ ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് കമ്പനി തലവന്മാര്‍ പ്രഖ്യാപിച്ചു. മോദിയെ പുകഴ്‌ത്തിയും പിന്തുണച്ചും സാങ്കേതികതയുടെ അവസാനവാക്കെന്നു കരുതുന്ന കമ്പനികളുടെ സിഇഒമാര്‍ ഭാരത വികസനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സാങ്കേതികതയുടെ കാര്യത്തിലെ അസമത്വങ്ങള്‍ ഇല്ലാതാക്കുന്ന വമ്പിച്ച പരിഹാരമായിരിക്കും ഡിജിറ്റല്‍ ഇന്ത്യ, ഐടി രംഗത്തെ അതികായന്മാരായ മൈക്രോസോഫ്റ്റിന്റെ തലവന്‍ സത്യ നാദെല്ലാ പറഞ്ഞു. പ്രധാനമന്ത്രിയും സിലിക്കണ്‍ വാലിയിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും തലവന്മാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നാദെല്ലാ. നമുക്ക് നാന്യുകി (കെനിയയിലെ ഒരു നഗരം) മുതല്‍ ശ്രീകാകുളം (ആന്ധ്ര) വരെയുള്ള ജനങ്ങളെ ശക്തിപ്പെടുത്താം, ലോകത്തെ ജനതയെ മുഴുവന്‍ എങ്ങനെ ഇക്കാര്യത്തില്‍ പങ്കെടുപ്പിക്കാമെന്ന് പദ്ധതി തയ്യാറാക്കിയതായി ഭാരതവംശജനായ അമേരിക്കന്‍ നാദെല്ലാ പറഞ്ഞു. ഭാരതത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ലൗഡ് ഡേറ്റാ സംവിധാനം ആരംഭിക്കുന്ന പ്രഖ്യാപനം അടുത്തയാഴ്ച നടത്തുമെന്നും നാദെല്ലാ പറഞ്ഞു.
പുതിയ കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ ഭാരതത്തെ അടുത്ത പ്രമുഖ കേന്ദ്രമാക്കി മാറ്റുന്നതില്‍ മോദിക്ക് വേഗം കൂട്ടാന്‍ കഴിഞ്ഞതായി ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചായി പറഞ്ഞു. ലോകത്തെ അതിവേഗ സംരഭക വളര്‍ച്ചാ കേന്ദ്രമായി ഭാരതം മാറിക്കഴിഞ്ഞു ”ഇക്കാര്യത്തില്‍ ഭാരതത്തില്‍ സംഭവിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്, പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തെ ഞങ്ങള്‍ പിന്തുണയ്‌ക്കുന്നു,” പിച്ചായി പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ ഭാരതത്തെ ഡിജിറ്റല്‍ വിജ്ഞാന മേഖലയില്‍ വന്‍ ശക്തിയാക്കി മാറ്റും, പ്രധാനമന്ത്രി മോദി ഭാരതത്തെ ഈ രംഗത്ത് പുതിയ ഉയരത്തിലെത്തിക്കും, അഡോബ് സിഇഒ ശന്തനു നാരായണ്‍ പറഞ്ഞു. സിസ്‌കോയുടെ സിഇഒയും യുഎസ്-ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ ഭാവി ചെയര്‍മാനുമായ ജോണ്‍ ചേംബേഴ്‌സ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. മോദിയുടെ നേതൃത്വത്തില്‍ ഭാരതവും യുഎസും ദൃഢബന്ധത്തിലാകുമെന്ന് ചേംബേഴ്‌സ് പറഞ്ഞു. കമ്പനികളും രാജ്യങ്ങളും തമ്മില്‍ എതിര്‍പ്പുകളല്ല, മറിച്ച് കണ്ടെത്തലുകളിലും കഴിവുകളിലും തമ്മില്‍ മത്സരിക്കുകയാണു വേണ്ടതെന്ന് പറഞ്ഞ ചേംബര്‍, ഭാരതത്തെ മാറ്റാന്‍ മോദിക്കായാല്‍ ലോകത്തെത്തന്നെയും മാറ്റാനാവുമെന്ന് അഭിപ്രായപ്പെട്ടു.
ക്വാല്‍കോം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പോള്‍ ജേക്കബ് പറഞ്ഞത്, മോദിയുടെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി അമ്പരപ്പിച്ചുവെന്നും ഏറെ പ്രചോദിപ്പിച്ചുവെന്നുമാണ്. സാങ്കേതികയുടെ കാര്യത്തില്‍ ഭാരതം നേതൃസ്ഥാനത്തെത്താന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. 150 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ഭാരതത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടി പ്രഖ്യാപിച്ച ജേക്കബ്‌സ് മേക്ക് ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഡിസൈന്‍ ഇന്ത്യാ ഇനീഷ്യേറ്റീവ്, ലാബുകള്‍ എന്നിവ ആരംഭിക്കുമെന്നും പറഞ്ഞു.
















