ബെംഗളൂരു: കലാസ-ബന്ധൂരി കനാല്‍ പദ്ധതി നടപ്പാക്കണ മെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ നടന്ന 12 മണിക്കൂര്‍ ബന്ദ് ഐടി നഗരത്തെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാധാരണ ജീവിതത്തെയും സാരമായി ബാധിച്ചു. അയല്‍ സംസ്ഥാനമായ ഗോവയുമായുള്ള കൊമ്പുക്കോര്‍ക്കലിനെ തുടര്‍ന്നാണ് പദ്ധതി കര്‍ണാടക പൂട്ടിക്കെട്ടിയത്.
വിവിധ പൊതുഗതാഗത യൂണിയനുകള്‍ ബന്ദിനെ അനുകൂലി ച്ചതിനാല്‍ ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. ഓട്ടോറിക്ഷകളും ടാക്‌സികളും വളരെ കുറവായിരുന്നു. കെഎസ്ആര്‍ടിസി, ബിഎംടിസി തൊഴിലാളി യൂണിയനുകള്‍, ഓട്ടോടാക്‌സിലോറി യൂണിയന്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയന്‍, വിവിധ കര്‍ഷക സംഘടനകള്‍ കര്‍ണാടക ഫിലിം ചേമ്പര്‍ തുടങ്ങി ആയിരത്തി മുന്നൂറോളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മഹാദായി നദിയില്‍ കലാസ, ബന്ധൂരി കനാലുകള്‍ നിര്‍മിച്ച് ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, ഗദക് ജില്ലകളില്‍ കുടിവെള്ള വിതരണ പദ്ധതി തുടങ്ങണമെന്നാണ് വിവിധ കന്നട സംഘടനകളുടെ ആവശ്യം. ബന്ദിനോടനുബന്ധിച്ച് ക്രമസമാധാനപാലനത്തിനായി നഗരത്തില്‍ 4500 പോലീസുകാരെയും നിയോഗിച്ചിരുന്നു.
















