ന്യൂദല്‍ഹി: നിയമവിരുദ്ധമായി ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും വിദേശപണം കൈപ്പറ്റിയ കേസില്‍ ടീസ്താ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു.
വിദേശഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിലൂടെ നിയമലംഘനം നടത്തിയെന്നും മതസൗഹാര്‍ദത്തിന് ഭീഷണിയുയര്‍ത്തിയെന്നുമുള്ള കേസില്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും കാണിച്ചാണ് സിബിഐ ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്.
ടീസ്റ്റക്കും ഭര്‍ത്താവിനും ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നിയമലംഘനം നടന്നെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും മുന്‍കൂര്‍ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി തെറ്റായിപ്പോയെന്നും സിബിഐ വാദിക്കുന്നു. ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് അന്വേഷണത്തിന് ദോഷംചെയ്യുമെന്നും ഹര്‍ജിയില്‍ സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയെങ്കിലും അത് ദേശീയസുരക്ഷക്ക് ഭീഷണിയാകുന്നത് എങ്ങനെയെന്ന് ചോദിച്ചാണ് ഹൈക്കോടതി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന സിബിഐ ആവശ്യം തള്ളിയത്.
2.9 ലക്ഷംഡോളര്‍(1.85കോടിരൂപ) ആണ് ടീസ്തയുടെ നേതൃത്വത്തിലുള്ള സബ്രാങ് കമ്മ്യൂണിക്കേഷന്‍ ആന്റ് പബ്ലീഷിംഗ് പ്രൈവറ്റ് ലിമിറ്റഡ്(എസ്‌സിപിപിഎല്‍) എന്ന സ്ഥാപനം വിദേശത്തു നിന്നും വാങ്ങിയതെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
















