ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാ സമിതി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സുസ്ഥിര വികസനത്തിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധയൂന്നണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഏഴു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. നാളത്തെ തലമുറയ്‌ക്കുകൂടിയാണ് ഭൂമിയെന്ന ബോധമുണ്ടാകണമെന്ന മഹാത്മാ ഗാന്ധിജിയുടെ വാക്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് മോദി തന്റെ പ്രസംഗം തുടങ്ങിയത്. ഹിന്ദിയും സംസ്കൃതവും ഇടകലര്‍ത്തിയായിരുന്നു മോദിയുടെ പ്രസംഗം.
സുസ്ഥിര വികസനത്തിന് ദാരിദ്ര്യ നിര്‍മാര്‍ജനം ഏറെ ആവശ്യമാണ്. സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി ഭാരതം പെന്‍ഷനും ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്. വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും രാജ്യം പ്രാധാന്യം നല്‍കുന്നു. സ്ത്രീ ശാക്തീകരണത്തിനും തന്റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുവെന്നും മോദി പറഞ്ഞു.
രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. നഗരങ്ങള്‍ സ്മാര്‍ട്ടാക്കുക. വികസനത്തിലേക്കുള്ള തങ്ങളുടെ പാത സുസ്ഥിരമായിരിക്കണം. സമൂഹം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും നീങ്ങുന്നു. ആഗോള കൂട്ടായ്‌മകള്‍ മാനവികതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തികണം. ഭൂമി മാതാവും നമ്മള്‍ അതിന്റെ സന്തതികളുമാണ്. എല്ലാവരും സുരക്ഷിതരായ ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കാം – മോദി പറഞ്ഞു.
സര്‍വ്വരും സന്തോഷവാന്മാരും രോഗമുക്തരുമാകട്ടെയെന്ന ഋഗ്വേദത്തിലെ ശ്ലോകം സൂചിപ്പിച്ചുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
















