കോട്ടയം: സംഗീത ആരാധകര്‍ക്ക് ദൃശ്യവിസ്മയമൊരുക്കി എംജി നാദം 2015. എം.ജി.സര്‍വ്വകലാശാലയുടേയും അന്തര്‍സര്‍വ്വകലാശാല സംഗീത ശാസ്ത്ര പഠന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന അന്തര്‍ദേശീയ സെമിനാറിനോട് അനുബന്ധിച്ചുള്ള പ്രദര്‍ശനങ്ങള്‍ സംഗീതപ്രേമികള്‍ക്ക് പുതിയ അനുഭവം ആയി. രണ്ടാംദിവസമായ ഇന്നലെ നൂറുകണക്കിനാളുകളാണ് പ്രദര്‍ശനം കാണാനെത്തിയത്. മുളംകമ്പുകള്‍കൊണ്ട് നിര്‍മ്മിച്ച 600 ല്‍പരം വാദ്യ ഉപകരണങ്ങളാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. തിമിര്‍ത്ത് പെയ്യുന്ന മഴയുടേയും അര്‍ത്തലയ്‌ക്കുന്ന കടലിന്റേയും ശബ്ദ സംഗീതാത്മകമായി പുറപ്പെടുവിക്കുന്ന കുഴലുപകരണങ്ങള്‍ ഏറെ ആകര്‍ഷണീയമാണ്.
കേരളത്തിലെ കാര്‍ഷിക സമൃദ്ധിയുടെ പ്രതീകമാണ് കൊയ്‌ത്തുപാട്ട്. കൊയ്‌ത്തുപാട്ടിന് മേളം പകരുന്ന കിങ്ങിണി അരിവാള്‍ പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗിന്നസ് ബുക്കില്‍ ഇടംകണ്ടെത്തിയ തിരുവനന്തപുരം സ്വദേശി ജോസഫ് ഫെര്‍ണാണ്ടസാണ് പ്രദര്‍ശനത്തിനായുള്ള ഉപകരണങ്ങളെത്തിച്ചിരിക്കുന്നത്.
















