കോഴിക്കോട്: ചാലപ്പുറം അച്യുതന്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചാലപ്പുറം തെക്കന്‍തൊടി സൈനുദ്ദീന്‍ സൈനബ ദമ്പതികളുടെ മകളുമായ കെ.പി. നേഹ(11)യ്‌ക്ക് അച്യുതന്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥിനികള്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി.
ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നേഹയ്‌ക്ക് മാതാവിന്റെ വൃക്ക നല്‍കിയിരുന്നുവെങ്കിലും ചൊവ്വാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു. അച്യുതന്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും റസിഡന്‍സ് അസോസിയേഷനുകളും ചാലപ്പുറം രക്ഷാ സമിതിയും പ്രദേശത്തെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും ചേര്‍ന്ന് രൂപീകരിച്ച ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക സമാഹരണത്തില്‍ നഗരത്തിലെ വിദ്യാലയങ്ങളും സ്ഥാപനങ്ങളും നാട്ടിലേയും വിദേശത്തേയും വിവിധ സംഘടനകളും വ്യക്തികളും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ നല്‍കിയിരുന്നു.
















