കോഴിക്കോട്: കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ 48-ാമത് എഞ്ചിനീയേഴ്‌സ് ദിനം ആഘോഷിച്ചു. ഭാരതരത്‌നം നല്‍കി ആദരിച്ച എഞ്ചിനീയര്‍ മോക്ഷഗുണ്ടം വിശ്വേശരയ്യയുടെ ജന്മദിനമാണ് എഞ്ചിനീയേഴ്‌സ് ദിനമായി ആഘോഷിക്കുന്നത്. ഉത്തരമേഖല പ്രസരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ ജെയിംസ് എം. ഡേവിഡ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജില്ല കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നടത്തിപ്പില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ടാല്‍ പൊതുജനങ്ങള്‍ വിളിച്ച് അറിയിക്കാതെ തന്നെ ബോര്‍ഡ് ജീവനക്കാര്‍ അറിയുകയും തടസ്സങ്ങള്‍ ഉടനടി പരിഹരിച്ച് വൈദ്യുതി വിതരണം പുന:സ്ഥാപിക്കുന്നതിനുള്ള സാങ്കേതികവിദ്യ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ഐഐഎമ്മിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആനന്ദകുട്ടന്‍ ബി. ഉണ്ണിത്താന്‍ പ്രബന്ധം അവതരിപ്പിച്ചു. കോഴിക്കോട് യൂണിറ്റ് ചെയര്‍മാന്‍ നന്ദകുമാര്‍ സ്വാഗതവും സെക്രട്ടറി കെ. സന്തോഷ് നന്ദിയും പറഞ്ഞു.
















