കോഴിക്കോട്: ഇരുവിഭാഗം ഹവാലപണമിടപാട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു വിഭാഗത്തിലെ സംഘാംഗത്തെ തലയ്‌ക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുവളളി ആവിലോറ പാറയ്‌ക്കല്‍ വീട്ടില്‍ പി. സാക്കിര്‍(25) ആണ് പിടിയിലായത്. വാവാട് ഒരു കെട്ടിടത്തിന് മുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ അതിസാഹസികമായാണ് അന്വേഷണസംഘം പിടികൂടിയത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയത്.
തുടര്‍ന്ന് കേസിലുള്‍പ്പെട്ട മറ്റൊരു പ്രതിയും സാക്കിറും ചേര്‍ന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെയ്‌ക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ജൂണില്‍ കൊടുവള്ളി കമ്പനിമുക്കില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ഫുട്‌ബോള്‍ കളി കാണാനെത്തിയ ഇരുവിഭാഗത്തിലെയും അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റവും ഉന്തുതള്ളും പിന്നീട് കൊലപാതകശ്രമത്തില്‍ കലാശിക്കുകയായിരുന്നു.
കേസില്‍ നാലുപേരാണ് പ്രതികള്‍. ഇന്നലെ രാവിലെ വാവാട് എത്തിയ ചേവായൂര്‍ സിഐ പി.കെ. സന്തോഷിന്റെ നേതൃത്വത്തില്‍ കുന്നമംഗലം, ചേവായൂര്‍ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
കേസിലുള്‍പ്പെട്ട മറ്റ് മൂന്ന് പേരും ഒളിവിലാണെന്ന് ചേവായൂര്‍ പോലീസ് പറഞ്ഞു. പിടി കിട്ടാനുള്ളവരില്‍ രണ്ടാമന്‍ അഞ്ച് അടിപിടിക്കേസുകളിലും മൂന്നാമന്‍ രണ്ട് കേസുകളിലും പ്രതിയാണെന്നും പോലീസ് അറിയിച്ചു.
















