കോഴിക്കോട്: ഉന്നത വിദ്യാഭ്യാസരംഗത്തെ കുത്തഴിഞ്ഞ അവസ്ഥയ്‌ക്കെതിരെ വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പതിനൊന്നിന് വൈകീട്ട് നാലിന് ടൗണ്‍ഹാളില്‍ വച്ച് പൊതുസംവാദം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ആര്‍.എസ്. പണിക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താല്‍ക്കാലിക അധ്യാപക നിയമനം മുതല്‍ സ്വകാര്യസര്‍വകലാശാല സംരംഭങ്ങള്‍ വരെ ഈ മേഖലയില്‍ നടക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ മൂല്യത്തകര്‍ച്ചയ്‌ക്ക് കാരണമാകുകയാണ്. മതസാമുദായിക മൂലധന ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുമ്പില്‍ വിദ്യാഭ്യാസത്തെ അടിയറവെച്ചിരിക്കുകയാണെന്ന് ഇതിനെതിരെ പൊതുസമൂഹത്തിന്റെ ജാഗ്രത ഉയര്‍ന്നു വരണമെന്ന ലക്ഷ്യത്തോടെയാണ് സംവാദം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. എം.എന്‍. കാരശ്ശേരി അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ പ്രൊഫ. എം.ജി.എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസം എങ്ങോട്ട് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.വി. രാമകൃഷ്ണന്‍, സി രവീന്ദ്രന്‍, ഡോ. സി.ജെ. ജോര്‍ജ്, ഡോ. കെ. ഗോപാലന്‍കുട്ടി, സി. ബാലകൃഷ്ണന്‍ പങ്കെടുത്തു.
















