കുട്ടനാട്: മാസങ്ങളായി വെളിയനാട് പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെളിയനാട് വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. കിടങ്ങറ ബസാറില്‍ നിന്ന്് ആരംഭിച്ച മാര്‍ച്ച് വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ഉപരോധ സമരം ബിജെപി കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ 9 വര്‍ഷക്കാലമായി കുട്ടനാട് എംഎല്‍എ തോമസ്ചാണ്ടിയും എല്‍ഡിഫും നടത്തുന്ന കുടിവെള്ള സമരം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്നും നാളിതുവരെ കുടിവെള്ളം എത്തിക്കാന്‍ സാധിക്കാത്ത എംഎല്‍എ ജനങ്ങളോടു മാപ്പുപറയണമെന്നും എം.ആര്. സജീവ് ആവശ്യപ്പെട്ടു.
മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷും, യുഡിഎഫ് നേതാക്കളും നടത്തുന്ന പ്രസ്താവനകള്‍ യുഡിഎഫ് സര്‍ക്കാര്‍ കുട്ടനാടിനോടു കാണിച്ചിട്ടുള്ള അവഗണന മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഭാഷ് പറമ്പിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.റ്റി സന്തോഷ് കുമാര്‍, വേണുഗോപാല്‍ ഗോപാലയം, സജീവ് കുമാര്‍ ഐക്കര, കെ.പി. സുകുമാരന്‍, എം. ജി. സുനില്‍കുമാര്‍, റൂബിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: