ഉദിയന്‍കുളങ്ങര: തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വിഷ പച്ചക്കറികളെ തടയുന്നതിനായി ഭക്ഷ്യസുരക്ഷാ ഉദേ്യാഗസ്ഥര്‍ കഴിഞ്ഞദിവസം അമരവിള ചെക്ക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തി. കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ നിന്നുള്ള വാഹനങ്ങളാണ് അമരവിള ചെക്ക്‌പോസ്റ്റ് വഴി ദിവസേന പച്ചക്കറികളുമായി കടന്നുപോകുന്നത്. സമീപത്തെ ചെക്ക് പോസ്റ്റുകളായ പാലക്കടവ്, പൂവാല്‍ ചെക്ക്‌പോസ്റ്റുകളിലും ഉദേ്യാഗസ്ഥര്‍ പരിശോധന നടത്തി.
തമിഴ്‌നാട്ടില്‍ നിന്നുവരുന്ന എല്ലായിനം പച്ചക്കറികളുടെ സാമ്പിളുകളും ഭക്ഷ്യസുരക്ഷാ ഉദേ്യാസ്ഥര്‍ ശേഖരിച്ചു. പച്ചക്കറികള്‍ ഏത് തോട്ടത്തില്‍നിന്നു കൊണ്ടുവരുന്നതെന്നും ഏത് വ്യാപാരിക്കാണ് എത്തിക്കുന്നതെന്നുമുള്ള വിവരങ്ങളും ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ അഡീഷണല്‍ ഡയറക്ടര്‍ സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
















