സംവേദനശക്തി സംജാതമായതു മുതല്‍ കലയും കാലവും സഹസഞ്ചാരികളാണ്. കാലം കലയെ അനുധാവനം ചെയ്യുന്നുവോ കാലത്തെ കല അനുകരിക്കുന്നുവോ എന്ന തര്‍ക്കം മാത്രമാണ് ബാക്കി.
ആഗസ്ത് 15 ന് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ നാടകകലയിലെ പുതിയ പരീക്ഷണങ്ങള്‍ക്കു വേദിയാവുകയാണ്. 40 വര്‍ഷം തികയ്ക്കുന്ന ടാപ് (തൃപ്തി ആര്‍ട്ട്സ്, പാലക്കാട്) നാടകവേദിയാണ് ഇതിന് അരങ്ങൊരുക്കുന്നത്. 40 സംവിധായകര്‍, 160 അഭിനേതാക്കള്‍, നാലുമിനുട്ട് ദൈര്‍ഘ്യമുളള 40 നാടകങ്ങള്‍.. എല്ലാം ഒരേ അരങ്ങില്‍!
നാലു മിനുട്ടില്‍ എന്തു നാടകം എന്നു ചിന്തിക്കാന്‍ വരട്ടെ, അതില്‍ ഒന്ന് 56 സെക്കന്റുകൊണ്ടവസാനിക്കുന്നു എന്നു കൂടി കേള്‍ക്കണം. പത്രപ്രവര്‍ത്തകനും കവിയും കഥാകൃത്തുമൊക്കെയായ എസ്.വി.അയ്യര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘യുഗപരിണാമം’ ആണ് 56 സെക്കന്റുകൊണ്ട് അരങ്ങില്‍ ഒരു ആശയം അവതരിപ്പിച്ചുകൊണ്ട് പരീക്ഷണങ്ങള്‍ക്കിടയില്‍ മറ്റൊരു പരീക്ഷണവുമായി വിസ്മയം തീര്‍ക്കുന്നത്.
മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന നാടകവേദിയില്‍ ഏകാംഗ നാടകങ്ങള്‍ ഇന്ന് അപൂര്‍വ്വമല്ല. അപ്പോള്‍ പിന്നെ 56 സെക്കന്റില്‍ ഒരു നാടകം അവതരിപ്പിച്ചുതീര്‍ക്കാന്‍ കഴിഞ്ഞാല്‍ അത് കാലത്തിന്റെ മാറ്റമോ കലയുടെ മാറ്റമോ ആകാം. നാടകം ആസ്വാദനവും ഒപ്പം ഒരു സന്ദേശവും പ്രദാനം ചെയ്യുന്നതായിരിക്കണം എന്ന പ്രമാണത്തെ സംവിധായകന് ചോദ്യംചെയ്യുന്നില്ല. ”ഡയലോഗും അഭിനയമുഹുര്ത്തങ്ങളും കോര്‍ത്തിണക്കിക്കൊണ്ട്് അരങ്ങിലെത്തുന്ന ‘യുഗപരിണാമ’ത്തില്‍ ഇതുരണ്ടുമുണ്ടാകും. മാത്രമല്ല കാലത്തിനനുയോജ്യമായ ഒരു സന്ദേശവും ഈ നാടകം മുന്നോട്ടുവയ്ക്കുന്നുണ്ട്”- സംവിധായകന് പറയുന്നു.
പേര് പ്രകടമാക്കുന്നതുപോലെ കാലം മനുഷ്യനിലുണ്ടാക്കിയ മാറ്റം നാടകം ഇതിവൃത്തമാക്കുന്നു. കെ.ജി.നായര്‍, പ്രവീണ്‍ ആവള, പി.വിചന്ദ്രഹാസന്, എം.പി.മനോജ് എന്നീ നാല് അഭിനേതാക്കളാണ് അരങ്ങിലെത്തുന്നത്.
ലൈറ്റ്, മ്യൂസിക്, ഡയലോഗ് എല്ലാം സംയോജിപ്പിച്ചുകൊണ്ട് 56 സെക്കന്റില്‍ അവസാനിക്കുന്ന ‘യുഗപരിണാമം’ ലോകനാടകവേദികളില് ഇതുവരെ അരങ്ങേറിയിട്ടുളള ഏറ്റവും ചെറിയനാടകമായിരിക്കുമെന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എസ്.വി.അയ്യര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ നാടകം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















