ന്യൂദല്‍ഹി: വ്യാപം അഴിമതിയെച്ചൊല്ലി വിവാദങ്ങള്‍ കത്തുമ്പോള്‍ മിക്ക മാധ്യമങ്ങളും ചില സത്യങ്ങള്‍ മൂടിവയ്‌ക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഇതിലുള്ള വലിയ പങ്ക് മൂടിവച്ച് ബിജെപി സര്‍ക്കാരിനെ, പ്രത്യേകിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പ്രതിക്കൂട്ടിലാക്കാനാണ് അവരുടെ നീക്കം.
വ്യാപം നിയമന അഴിമതിയില്‍ ഉള്‍പ്പെട്ടത് മൂന്നര ലക്ഷത്തോളം നിയമനങ്ങളാണ്. അതില്‍ ബിജെപി സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ നടന്നത് വെറും 228 എണ്ണം മാത്രം. ബാക്കി 3,49,772 എണ്ണവും നടന്നത് കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരിക്കുമ്പോഴാണ്. പതിറ്റാണ്ടുകള്‍ നീളുന്നതാണ് അഴിമതിയെന്ന് മാധ്യമങ്ങള്‍ പറയുമ്പോള്‍ ഇതിന്റെ സിംഹഭാഗവും നടന്നത് ദ്വിഗ്‌വിജയ്‌സിംഗിന്റെ കാലത്താണെന്ന് അവര്‍ പറയുന്നില്ല.
അഴിമതിക്കേസിലെ ചില സാക്ഷികളും പ്രതികളും ദുരൂഹസാഹചര്യത്തില്‍ മരിച്ചത് അതീവ ഗൗരവകരമായ വിഷയമാണ്. എന്നാല്‍ പ്രതികള്‍ അല്ലെങ്കില്‍ സാക്ഷികള്‍ മരിച്ചത് അല്ലെങ്കില്‍ കൊല്ലപ്പെട്ടത് അധികവും മധ്യപ്രദേശിനു പുറത്ത് വെച്ചാണ്. കഴിഞ്ഞദിവസം ഒരു ഡോക്ടര്‍ മരിച്ചത് ദല്‍ഹിയില്‍. അതിനു മുന്‍പ് അവിടത്തെ ഗവര്‍ണറുടെ മകന്‍ മരിച്ചത് അദ്ദേഹത്തിന്റെ യുപിയിലെ വസതിയില്‍ വെച്ച്. അതുപോലെ ഓരോ സ്ഥലത്തുവെച്ചാണ് മരണങ്ങള്‍ സംഭവിച്ചത്. അതൊന്നും ഒരു മാധ്യമങ്ങളും കാണുന്നില്ല.
ഇനിയുമുണ്ട് മാധ്യമങ്ങള്‍ മറച്ചുവയ്‌ക്കുന്ന കാര്യം. ഇവിടെ അന്വേഷണം നടക്കുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാണ്. പ്രത്യേക അന്വേഷണ സംഘത്തെ ( എസ് ഐ ടി ) തീരുമാനിച്ചതും കോടതി തന്നെയാണ്. മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി; ഓരോ കാലവധിക്കും ആ അന്വേഷണ സംഘം തന്നെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. അതും സീല്‍ ചെയ്ത കവറില്‍. അതിലൊന്നും സംസ്ഥാന സര്‍ക്കാരിനോ ആഭ്യന്തര മന്ത്രിക്കോ മുഖ്യമന്ത്രിക്കോ, ഇടപെടാനാവില്ല.
സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിലും മധ്യപ്രദേശ് സര്‍ക്കാരിന് എതിര്‍പ്പില്ല. ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ എന്നതാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍പ് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ് ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 നാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സിബിഐ അന്വേഷണം വേണ്ട എന്ന് ഉത്തരവിട്ടത് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അടക്കമുള്ള ബെഞ്ച്. എസ് ഐ ടി കാര്യങ്ങള്‍ നന്നായി ചെയ്യുന്നുണ്ട് എന്നും അതിനിടെ മറ്റൊരു അന്വേഷണത്തിന് കാരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആ ഹര്‍ജിയില്‍ ദ്വിഗ്‌വിജയ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമായിരുന്നു എന്നും കോടതി കണ്ടെത്തിയിരുന്നു. അഴിമതി പുറത്തുകൊണ്ടുവന്നത് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരായിരുന്നു.
ആദ്യ പരാതി 2000ല്‍
ന്യൂദല്‍ഹി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസ് ഉടലെടുക്കുന്നത് 2000ലാണ്. 2007ലാണ് വലിയ തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞത്. 2013ല്‍, ചൗഹാന്‍ സര്‍ക്കാരാണ് വലിയ തോതിലുള്ള അന്വേഷണം തുടങ്ങിയത്. ആ വര്‍ഷം 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതിക്കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഡോ.ജഗദീഷ് സാഗറിനെ അറസ്റ്റു ചെയ്തതും ഈ സമയത്താണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടായിരത്തോളം പേരാണ് കേസില്‍ അറസ്റ്റിലായത്.
















