കൊച്ചി: പ്രേമം സിനിമയുടെ വ്യാജ കോപ്പികള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായാല്‍ മാത്രമേ ഒമ്പതിനു തീയറ്റര്‍ ഉടമകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സൂചനാ പണിമുടക്കില്‍ നിന്നും പിന്മാറുകയുള്ളൂവെന്നു കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്ന രണ്ടു വിദ്യാര്‍ഥികളെ വ്യാജസിഡി ലോബികളുടെ കണ്ണികള്‍ എന്നു പോലും പറയാന്‍ കഴിയില്ല.
പടം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു പ്രചരിപ്പിച്ചതു സിനിമാ മേഖലയില്‍ നിന്നു തന്നെയുള്ളവരാണെന്ന നൂറു ശതമാനവും ഉറപ്പാണ്. ഈ സാഹചര്യത്തില്‍ സിനിമാ മേഖലയിലുള്ള ആരെയെങ്കിലും അറസ്റ്റു ചെയ്താല്‍ മാത്രമേ സംഭവത്തില്‍ അതിനെയൊരു അറസ്റ്റായി കാണാന്‍ കഴിയൂവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നിലവില്‍ ഒമ്പതിനു സമരം നടത്താന്‍ തന്നെയാണു ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ അറസറ്റുണ്ടായാല്‍ മാത്രമേ തീരുമാനത്തില്‍ മാറ്റമുണ്ടാകൂ.
രണ്ടു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതു കൊണ്ടുമാത്രം അന്വേഷണം ലക്ഷ്യസ്ഥാനത്തെത്തിയെന്നു പറയാനാകില്ല. പ്രേമത്തിന്റെ നിര്‍മാതാവായ അന്‍വര്‍ റഷീദ് എല്ലാ തെളിവുകളും കഴിഞ്ഞദിവസം അന്വേഷണ സംഘത്തിനു നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു പ്രതീക്ഷ. പ്രശ്‌നം രൂക്ഷമായിട്ടും കേരളത്തില്‍ എല്ലായിടത്തും പടം ഫോണുകളിലൂടെ പ്രചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സിനിമകളുടെ പൈറസി തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഒമ്പതിനു സൂചനാ സമരം നടത്തുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്കു തിയേറ്ററുകള്‍ അടച്ചിടാനുമാണു ഫെഡറേഷന്റെ തീരുമാനം.
















